02/03/2026
[fontresizer_tawhidurrahmandear_widget]

‘ജയിലിലടച്ചാലും പോരാട്ടം തുടരും; രാജ്യത്തെ യുവജനങ്ങൾ ഭഗത് സിങ്ങുമാരായി മാറണം’-ഉദയ് ഭാനു ചിബ്ബിന്റെ അറസ്റ്റിൽ മാതാവ് | Uday Bhanu Chib arrest

 ‘ജയിലിലടച്ചാലും പോരാട്ടം തുടരും; രാജ്യത്തെ യുവജനങ്ങൾ ഭഗത് സിങ്ങുമാരായി മാറണം’-ഉദയ് ഭാനു ചിബ്ബിന്റെ അറസ്റ്റിൽ മാതാവ് | Uday Bhanu Chib arrest

ഉദയ് ഭാനു ചിബ്, എഐ സമ്മിറ്റിലെ പ്രതിഷേധം, രജനി ബാല

ശ്രീനഗർ: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്ബിന്റെ അറസ്റ്റിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മാതാവ് രജനി ബാല. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനിടെ പ്രതിഷേധിച്ചതിന് തന്റെ മകനെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും, എന്നാൽ ഭീഷണികൾക്കു മുന്നിൽ ഭയന്നു പിന്മാറില്ലെന്നും അവർ വ്യക്തമാക്കി. രാജ്യത്തെ യുവാക്കൾ ഭഗത് സിങ്ങുമാരായി മാറേണ്ട സമയമാണിതെന്നും രജനി പറഞ്ഞു. (Uday Bhanu Chib arrest)

‘എ.ഐ ഉച്ചകോടിയിൽ ഗാൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി ചൈനയുടെ റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി അവതരിപ്പിച്ചപ്പോൾ ഈ സർക്കാരിന് ലോകത്തിന് മുന്നിൽ നാണംകെട്ടതായി തോന്നിയില്ലേ? അന്ന് പ്രതികരിക്കാത്തവരാണ് കർഷകർക്കും യുവാക്കൾക്കും വേണ്ടി ശബ്ദമുയർത്തിയ എന്റെ മകനെ ജയിലിലടയ്ക്കുന്നത്. മകനെ ജയിലിലടച്ചതിൽ എനിക്ക് ലവലേശം ഖേദമില്ല. സത്യത്തിന്റെ പാതയിലാണ് അവൻ. അവനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. എത്ര കാലം ജയിലിലിട്ടാലും സത്യം വിജയിക്കുക തന്നെ ചെയ്യും.’-രജനി ബാല പറഞ്ഞു.

ഗാന്ധിജിയുടെ അഹിംസാ മാർഗമാണ് ഞങ്ങൾ പിന്തുടരുന്നത്. എന്നാൽ, ആവശ്യമെങ്കിൽ ഭഗത് സിങ്ങാകാനും ഞങ്ങൾ തയ്യാറാണ്. ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളിൽനിന്ന് മോചനം നേടാൻ ഓരോ യുവാവും ഭഗത് സിങ്ങായി മാറണമെന്നും അവർ ആവശ്യപ്പെട്ടു.

അജ്ഞാതമായ സമ്മർദങ്ങൾ മൂലം പ്രധാനമന്ത്രി ഒപ്പിട്ട ഇന്ത്യ-യുഎസ് വ്യാപാര കരാർ നമ്മുടെ കർഷകരെയും തൊഴിലാളികളെയും വഴിയാധാരമാക്കുമെന്നും രജനി വിമർശിച്ചു. ഈ കരാർ രാജ്യത്തെ കർഷകരെയും തൊഴിലില്ലാത്ത യുവാക്കളെയും വസ്ത്ര-വ്യവസായ മേഖലയെയും ദോഷകരമായി ബാധിക്കും. അവർക്ക് വേണ്ടിയാണ് എന്റെ മകൻ ശബ്ദമുയർത്തിയത്. അതൊരു കുറ്റമല്ലെന്ന് അവർ പറഞ്ഞു.

‘മുൻപ് കോൺഗ്രസ് ഭരണകാലത്ത് കോമൺവെൽത്ത് ഗെയിംസ് നടന്നപ്പോൾ ബിജെപി തെരുവിൽ പ്രതിഷേധിച്ചിരുന്നു. അന്ന് അത് രാജ്യത്തിന് അപമാനമായിരുന്നില്ലേ? ഗാൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റി ചൈനീസ് റോബോട്ടിനെ സ്വന്തം കണ്ടുപിടുത്തമായി എ.ഐ സമ്മിറ്റിൽ അവതരിപ്പിച്ചപ്പോൾ ഇന്ത്യ ലോകത്തിന് മുന്നിൽ നാണംകെട്ടില്ലേ?’-രജനി ബാല ചോദിച്ചു.

എഐ സമ്മിറ്റിനിടെ യൂത്ത് കോൺഗ്രസ് നടത്തിയ ഷർട്ടൂരി പ്രതിഷേധത്തിലാണ് ഉദയ് ഭാനു ചിബ് പോലീസ് നടപടി നേരിടുന്നത്. അദ്ദേഹത്തെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതിഷേധം രാജ്യത്തിന്റെ അന്തസ്സ് കെടുത്തി എന്നാണ് ഡൽഹി പോലീസിന്റെയും ബിജെപിയുടെയും വാദം. എന്നാൽ, മകന്റെ പോരാട്ടം തുടരുമെന്നും തങ്ങൾ പിന്നോട്ടില്ലെന്നും രജനി ബാല വ്യക്തമാക്കി.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും രൺദീപ് സുർജേവാലയും ആരോപിച്ചു. പ്രതിഷേധത്തെ ക്രിമിനൽ കുറ്റമായി കാണുന്നത് ഭരണകൂട ഭീകരതയാണെന്ന് അവർ പ്രതികരിച്ചു. അതേസമയം, ഉദയ് ഭാനു ചിബ്ബ് ആണ് പ്രതിഷേധത്തിന്റെ സൂത്രധാരനെന്നും രാജ്യത്തിന്റെ അന്തസ്സ് കെടുത്താനാണ് ശ്രമിച്ചതെന്നും ഡൽഹി പോലീസ് കോടതിയിൽ വാദിച്ചു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഉദയ് ഭാനു ചിബ്ബിന്റെ മോചനത്തിനായി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

Also read: