‘രഹസ്യ ഓപറേഷനിൽ സഹായിച്ചാൽ ഭീകരവിരുദ്ധ കേസുകൾ പിൻവലിക്കാം’- ഐഎസ് കേസിൽ വിചാരണ നേരിടുന്ന യുവാവിന് എൻഐഎയുടെ പേരിൽ ഓഫർ, വിശദീകരണം തേടി കോടതി
മുംബൈ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന കേസിൽ വിചാരണ നേരിടുന്ന അരീബ് മജീദിനെ സമീപിച്ച് കേസ് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നൽകിയ രണ്ട് പേരുടെ നടപടിയിൽ മുംബൈ പ്രത്യേക കോടതി എൻഐഎയോട് വിശദീകരണം തേടി. സൈനിക ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയവരാണ് മജീദിനെ സമീപിച്ചത്. നീതിന്യായ വ്യവസ്ഥയിലുള്ള ഗുരുതരമായ ഇടപെടലാണിതെന്ന് നിരീക്ഷിച്ച കോടതി, എൻഐഎയ്ക്കും താനെ പോലീസിനും നോട്ടീസ് അയച്ചു.
കഴിഞ്ഞ ഫെബ്രുവരി 21-നാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കല്യാണിലെ മജീദിന്റെ വസതിയിലെത്തിയ പുരുഷനും സ്ത്രീയും തങ്ങൾ ഇന്ത്യൻ ആർമിയിൽ നിന്നാണെന്ന് അവകാശപ്പെടുകയായിരുന്നു. ഒരു രഹസ്യ ഓപ്പറേഷനിൽ സഹായിച്ചാൽ മജീദിനെതിരെയുള്ള ഭീകരവിരുദ്ധ കേസുകൾ ഇല്ലാതാക്കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. എന്നാൽ അസ്വാഭാവികത തോന്നിയ മജീദ് ഉടൻ തന്നെ പോലീസിലും എൻഐഎ കൺട്രോൾ റൂമിലും വിവരം അറിയിച്ചു. തുടർന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
തന്നെ വഴിവിട്ട രീതിയിൽ സഹായിക്കാൻ ആരും വരേണ്ടെന്നും നിയമപരമായ രീതിയിൽ കേസ് നേരിടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മജീദ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ വ്യക്തമാക്കി. 2014-ൽ അറസ്റ്റിലായ മജീദിന് 2021-ലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് മാർച്ച് 4-ലേക്ക് കോടതി മാറ്റിവെച്ചു.