ജീവിതത്തിൽ ഒന്നിനോടും അധികം ഭയമില്ല; ഭയം പാർട്ടിയെ മാത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: രാഷ്ട്രീയ ജീവിതത്തിലെ വെല്ലുവിളികളെയും വ്യക്തിജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളെയും കുറിച്ച് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ മനസ്സ് തുറന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിരവധി വധഭീഷണികൾ നേരിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഒന്നിനെയും അധികം ഭയമില്ലെന്നും, പാർട്ടിയെ മാത്രമാണു ഭയക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘എന്നെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചവർ പോലുമുണ്ട്. എന്നാൽ അതൊന്നും എന്നെ ഭയപ്പെടുത്തിയിട്ടില്ല. ഭയപ്പെട്ട് ഒളിച്ചിരുന്നാൽ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിക്കാനാകില്ല. ആപൽഘട്ടങ്ങളിൽ പതറാതെ മുന്നോട്ട് പോകാൻ തന്റെ രാഷ്ട്രീയ ബോധ്യം കരുത്ത് നൽകിയിട്ടുണ്ട്’-പിണറായി പറഞ്ഞു.
ജീവിതത്തിൽ എന്തിനോടെങ്കിലും ഭയമുണ്ടോ എന്ന ചോദ്യത്തിന്, ‘ഭയം എന്നത് ആ തരത്തിലില്ല, പക്ഷേ പൊതുവിൽ ഞാൻ പാർട്ടിക്ക് കീഴ്പ്പെട്ട് പോകുന്ന ഒരാളാണ്. പാർട്ടി ആഗ്രഹിക്കുന്ന പൊതുവായ നിലപാടുകളുണ്ട്. ആ നിലപാടുകളിൽ അണുവിട വ്യത്യാസം വരരുത് എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. അതിനെ ഭയന്നാണ് ജീവിക്കുന്നത്. അതുകൊണ്ട്, അങ്ങനെയൊരു ഭയമുണ്ട് എന്ന് വേണമെങ്കിൽ പറയാം. മറ്റൊരു തരത്തിലുള്ള ഭയവും എന്നെ ബാധിക്കാറില്ല. എന്റെ വിശ്വാസം പാർട്ടിയോടാണ്. ആ പാർട്ടിയിലുള്ള വിശ്വാസമാണ് എനിക്ക് കരുത്ത് നൽകിയത്.’-അദ്ദേഹം വ്യക്തമാക്കി.
എന്റെ ദൗർബല്യം മക്കളാണെന്ന് ചിലർ കരുതിയിരുന്നു. എതിർ രാഷ്ട്രീയ ചേരിയിലുള്ള ഒരാൾ ഒരുദിവസം വന്ന് തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പദ്ധിയുണ്ടെന്ന് വന്ന് അറിയിച്ചു. എന്നാൽ അത് വരുന്നത് വച്ച് കാണാമെന്ന് നിലപാടാണ് ഞാൻ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തിരക്കേറിയ രാഷ്ട്രീയ ജീവിതത്തിനിടയിൽ കുടുംബത്തിന് വേണ്ടത്ര സമയം നൽകാൻ കഴിയാത്തതിലുള്ള വിഷമം മുഖ്യമന്ത്രി പങ്കുവെച്ചു. മക്കളുടെ കുട്ടിക്കാലത്ത് അവർക്കൊപ്പം ചെലവഴിക്കാൻ സാധിക്കാത്തത് ഒരു വലിയ നഷ്ടമായി അദ്ദേഹം കാണുന്നു. ഭാര്യ കമലയാണ് വീടിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കിയത്. രാഷ്ട്രീയ പ്രവർത്തനം ഒരു പൂർണ്ണസമയ ഉത്തരവാദിത്തമായതിനാൽ പലപ്പോഴും വീടിനോട് നീതി പുലർത്താൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് സൗഹൃദങ്ങൾ കുറവാണെന്ന ധാരണ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തിന് പുറത്തും തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. എന്നാൽ തന്റെ കർക്കശമായ മുഖഭാവം കണ്ട് പലരും തന്നെ തെറ്റിദ്ധരിക്കാറുണ്ട്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, അവയൊന്നും തന്നെ തളർത്തില്ലെന്നും ജനങ്ങൾ സത്യം തിരിച്ചറിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം മറുപടി നൽകി.