ഇഷ്ടമുള്ളത്ര പണം വാരിയെടുക്കാം; ജീവനക്കാർക്ക് 237 കോടി ബോണസ് നൽകി ചൈനീസ് കമ്പനി
ബെയ്ജിങ്ങ്: ജീവനക്കാരോടുള്ള ഉദാരതയിൽ ലോകത്തെ ഞെട്ടിക്കുകയാണ് ചൈനീസ് കമ്പനിയായ ഹെനാൻ കുവാങ്ഷാൻ ക്രെയിൻ ലിമിറ്റഡ്. ചൈനീസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാർഷിക പാർട്ടിയിൽ, ഏകദേശം 26 മില്യൺ ഡോളറാണ് (ഏകദേശം 237 കോടിയിലധികം രൂപ) ജീവനക്കാർക്ക് ബോണസായി നൽകാൻ കമ്പനി മേധാവി കുയി പെയ്ജുൻ മാറ്റിവെച്ചത്. എന്നാൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുന്നതിന് പകരം, ജീവനക്കാർക്ക് തങ്ങളാൽ കഴിയുന്നത്ര പണം കയ്യിൽ വാരിയെടുക്കാനുള്ള ‘ക്യാഷ് ഗ്രാബ്’ മത്സരമാണ് കമ്പനി സംഘടിപ്പിച്ചത്.
ഈ മാസം 13ന് നടന്ന ചടങ്ങിൽ 5000 ഓളം ജീവനക്കാർ പങ്കെടുത്തു. നിശ്ചിത സമയത്തിനുള്ളിൽ തറയിൽ കൂട്ടിയിട്ടിരിക്കുന്ന കറൻസി നോട്ടുകളിൽ നിന്നും എത്ര വേണമെങ്കിലും കൈക്കലാക്കാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നു. ചിലർ 9,500 പൗണ്ട് (ഏകദേശം 10 ലക്ഷം രൂപ) വരെ ഇത്തരത്തിൽ സ്വന്തമാക്കി. ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കുന്നത് വെറും അക്കൗണ്ട് അക്കങ്ങൾ മാത്രമായി മാറുമെന്നും, നേരിട്ട് പണം കൈമാറുന്നതാണ് കൂടുതൽ ഹൃദ്യമെന്നുമാണ് കുയി പെയ്ജുന്റെ നിലപാട്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന തൊഴിലാളികളെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പെയ്ജുൻ പറയുന്നു. ‘വാഷിങ് മെഷീനുകളോ സ്വർണമോ നൽകുന്നതിനേക്കാൾ തൊഴിലാളികൾക്ക് ആശ്വാസം നൽകുന്നത് പണമാണ്. യുവാക്കൾ കാർ ലോണുകളുടെയും വീട് കടങ്ങളുടെയും വലിയ ഭാരം പേറുന്നവരാണ്. അവർക്ക് നൽകുന്ന ചെറിയ ആശ്വാസം പോലും വലിയ മാറ്റമുണ്ടാക്കും,’ അദ്ദേഹം വ്യക്തമാക്കി.
ദാരിദ്ര്യം കാരണം സ്വന്തം വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന പെയ്ജുൻ, തന്റെ തൊഴിലാളികളുടെ അടുത്ത തലമുറയ്ക്ക് ആ ഗതി വരരുതെന്ന് ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷം മാത്രം ലാഭവിഹിതത്തിൽ നിന്നും 17 മില്യൺ പൗണ്ടോളം അദ്ദേഹം ജീവനക്കാർക്ക് വിതരണം ചെയ്തിരുന്നു. ലോകത്തെ 130 രാജ്യങ്ങളിൽ ക്രെയിനുകൾ നിർമ്മിച്ച് നൽകുന്ന ഈ കമ്പനി, ജീവനക്കാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിൽ മാതൃകയാവുകയാണ്.