ഭർത്താവുമായി വഴക്കിട്ടു: ബാൽക്കണിയിൽ നിന്ന് നോട്ടുകൾ വലിച്ചെറിഞ്ഞ് യുവതി; തുകകേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ
ഭർത്താവുമായി വഴക്കിട്ടാൽ സാധാരണക്കാർ പാത്രം എറിയുകയോ മിണ്ടാതിരിക്കുകയോ ആണ് പതിവെങ്കിൽ ചൈനയിലെ ഈ വീട്ടമ്മയുടെ രീതി അല്പം റോയലാണ്. ഭർത്താവുമായുള്ള വാശിയേറിയ തർക്കത്തിനൊടുവിൽ ദേഷ്യം സഹിക്കാനാവാതെ വീട്ടിലുണ്ടായിരുന്ന ഒന്നരക്കോടി രൂപയാണ് (1.3 ദശലക്ഷം യുവാൻ) ഇവർ ബാൽക്കണിയിലൂടെ താഴേക്ക് എറിഞ്ഞത്. ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ ഷാന്റോയിൽ ആണ് സംഭവം.
ആകാശത്തുനിന്ന് നോട്ടുമഴ പെയ്യുന്നത് കണ്ട് അമ്പരന്ന നാട്ടുകാർ പിന്നെ ഒന്നും നോക്കിയില്ല, ജോലി പണിയെല്ലാം മാറ്റിവെച്ച് പണം പെറുക്കാനുള്ള നെട്ടോട്ടത്തിലായി. വായുവിൽ പറന്നുനടന്ന നോട്ടുകൾ കൈക്കലാക്കാൻ പരിസരവാസികൾ മത്സരിച്ചതോടെ നിമിഷനേരം കൊണ്ട് പ്രദേശം വലിയൊരു ജനക്കൂട്ടത്തെക്കൊണ്ട് നിറഞ്ഞു. റോഡിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായതും ആരും അറിഞ്ഞില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നാട്ടുകാർ പകുതി പണവും ‘അടിച്ചോണ്ട്’ പോയിരുന്നു. ഒടുവിൽ പോലീസ് ഇടപെട്ട് കഷ്ടപ്പെട്ട് ഒരുവിധം 1.1 ദശലക്ഷം യുവാൻ വീണ്ടെടുത്ത് ദമ്പതികൾക്ക് തന്നെ തിരികെ നൽകി. ബാക്കി തുക ഇപ്പോഴും ചിലരുടെയൊക്കെ പോക്കറ്റുകളിൽ സുരക്ഷിതമായി ഇരിപ്പുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേഷ്യം വന്നാൽ പണമെടുത്ത് പുറത്തേക്ക് എറിയുന്ന ഇങ്ങനെയുള്ള അയൽക്കാരെ കിട്ടാൻ ഏത് പുണ്യമാണ് ചെയ്യേണ്ടതെന്ന ചർച്ചയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ.