23/11/2026
[fontresizer_tawhidurrahmandear_widget]

ശൈഖ് ഹസീന തിരിച്ചെത്തിയാൽ വധശിക്ഷ ഉറപ്പ്; മുന്നറിയിപ്പുമായി ബംഗ്ലാദേശ്

 ശൈഖ് ഹസീന തിരിച്ചെത്തിയാൽ വധശിക്ഷ ഉറപ്പ്; മുന്നറിയിപ്പുമായി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശിൽ തിരിച്ചെത്തിയാൽ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വധശിക്ഷ നടപ്പാക്കുമെന്ന് പ്രോസിക്യൂട്ടർ മുഹമ്മദ് അമിനുൽ ഇസ്‌ലാം. വധശിക്ഷക്കെതിരെ അപ്പീൽ നൽകാനുള്ള സമയപരിധി അവസാനിച്ചതിനാൽ ഇനി നിയമപരമായ മറ്റ് വഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ കഴിയുന്ന ഹസീന ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രോസിക്യൂട്ടറുടെ പ്രതികരണം.

2024-ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഹസീനയെ ധാക്ക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2025 നവംബറിൽ അവരുടെ അസാന്നിധ്യത്തിലായിരുന്നു കോടതി വിധി. പ്രക്ഷോഭത്തിനിടെ 1,400 പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

2024 ആഗസ്റ്റിൽ പ്രക്ഷോഭകാരികൾ കൊട്ടാരം വളഞ്ഞതോടെ ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് കടന്ന ഹസീന പിന്നീട് അവിടെ തുടരുകയാണ്. വിചാരണയ്ക്കായി ബംഗ്ലാദേശിലേക്ക് മടങ്ങണമെന്ന കോടതി നിർദേശം അവർ പാലിച്ചിരുന്നില്ല. വിചാരണയെ ‘നിയമശാസ്ത്രപരമായ തമാശ’ എന്നാണ് ഹസീന വിശേഷിപ്പിച്ചത്.

ബംഗ്ലാദേശ് ഹസീനയെ വിട്ടുനൽകണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം നിയമപരിശോധനയിലാണെന്നാണ് ഇന്ത്യയുടെ നിലപാട്. അഴിമതി ആരോപണങ്ങളുൾപ്പെടെ നിരവധി കേസുകളും ഹസീനയ്ക്കെതിരെയുണ്ട്.

Also read: