01/04/2026
[fontresizer_tawhidurrahmandear_widget]

വീണ്ടും ‘ബിഹാർ മോഡൽ’; ഉദ്ഘാടനത്തിന് കാത്തുനിന്നില്ല, 2.89 കോടി രൂപയുടെ പാലം നിലംപൊത്തി

 വീണ്ടും ‘ബിഹാർ മോഡൽ’; ഉദ്ഘാടനത്തിന് കാത്തുനിന്നില്ല,                    2.89 കോടി രൂപയുടെ പാലം നിലംപൊത്തി

പട്‌ന: രാജ്യത്ത് പാലം തകർച്ചകൾ തുടർക്കഥയാകുന്ന ബിഹാറിൽ നിർമ്മാണത്തിലിരുന്ന ഒരു പാലം കൂടി തകർന്നു വീണു. ഗോപാൽഗഞ്ച് ജില്ലയിലെ സിദ്‌വാലിയ ബ്ലോക്കിലാണ് 2.89 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ആർ.സി.സി പാലം തകർന്നത്. ഘോഘരി നദിക്ക് കുറുകെ ഗാംഗ്‌വ ഗ്രാമത്തിൽ നിർമ്മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഏകദേശം 29 മീറ്റർ നീളമുള്ള പാലത്തിന്റെ സ്ലാബ് വാർക്കുന്നതിനിടെ വലിയ ശബ്ദത്തോടെ തകരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ സമയം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാത്തത് വലിയ ദുരന്തം ഒഴിവാക്കി. നിർമ്മാണത്തിനായി ഉപയോഗിച്ച സാമഗ്രികളുടെ നിലവാരമില്ലായ്മയും എൻജിനീയറിങ് പിഴവുമാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

സംഭവത്തെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥരും എൻജിനീയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഭഗൽപൂരിലും അരാരിയയിലുമായി നിരവധി പാലങ്ങൾ തകർന്നത് ബിഹാർ സർക്കാരിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Also read: