02/04/2026
[fontresizer_tawhidurrahmandear_widget]

‘ഇപ്പം വരുമെടാ പോലീസ്, നീ നിൽക്ക്’; അർദ്ധരാത്രിയിൽ കള്ളനെ ഓടിച്ച് 65-കാരി

 ‘ഇപ്പം വരുമെടാ പോലീസ്, നീ നിൽക്ക്’; അർദ്ധരാത്രിയിൽ കള്ളനെ ഓടിച്ച് 65-കാരി

തിരുവല്ല: അർദ്ധരാത്രിയിൽ വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്‌ടാവിനെ സമാനതകളില്ലാത്ത ആത്മധൈര്യം കൊണ്ട് നേരിട്ട് 65-കാരിയായ വീട്ടമ്മ. നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപം മുക്കാട്ട് വീട്ടിൽ സഫിയ നൗഷാദാണ് (65) സാഹസികമായി മോഷണശ്രമം പരാജയപ്പെടുത്തിയത്. ഇന്നലെ പുലർച്ചെ 2.20-ഓടെയായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഇരുനില വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയിൽ തനിച്ച് താമസിക്കുകയായിരുന്നു സഫിയ. താഴത്തെ നിലയിലെ അലമാര തുറക്കുന്ന ശബ്ദം കേട്ട് ഉണർന്ന സഫിയ ഉടൻ തന്നെ ഒരു കിലോമീറ്റർ അകലെ താമസിക്കുന്ന മകളെയും മരുമകനെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചു. മരുമകൻ ഉടൻ തന്നെ പുളിക്കീഴ് പോലീസിനെ വിവരമറിയിക്കുകയും മുറിയുടെ വാതിലുകൾ സുരക്ഷിതമായി അടയ്ക്കാൻ സഫിയയോട് നിർദേശിക്കുകയും ചെയ്തു.

ഇതിനിടെ മുകൾനിലയിലെത്തിയ മോഷ്‌ടാവ് സഫിയ ഇരുന്ന കിടപ്പുമുറിയുടെ വാതിൽ ഹാൻഡിൽ തിരിക്കാൻ ശ്രമിച്ചു. എന്നാൽ ഭയന്നു പിന്മാറാതെ സഫിയ മുറിക്കുള്ളിൽ നിന്ന് “ഇപ്പം വരുമെടാ പോലീസ്, നീ നിൽക്ക്” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. വീട്ടമ്മയുടെ അപ്രതീക്ഷിത പ്രതികരണത്തിൽ ഭയന്ന മോഷ്‌ടാവ് ഉടൻ തന്നെ അവിടെനിന്നും കടന്നുകളയുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ പോലീസും ബന്ധുക്കളും എത്തിയ ശേഷമാണ് സഫിയ മുറി തുറന്ന് പുറത്തിറങ്ങിയത്. താഴത്തെ നിലയിലെ അലമാരകളെല്ലാം തുറന്ന നിലയിലായിരുന്നെങ്കിലും കാര്യമായ വസ്‌തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ല.

അതേസമയം, സമീപത്തെ ആറ്റുമാലിൽ വീട്ടിലും (അന്തരിച്ച ഡോ. സജീവ് തോമസിന്റെ വീട്) അന്ന് രാത്രി മോഷണം നടന്നു. അടച്ചിട്ടിരുന്ന ഈ വീടിന്റെ മുൻവാതിൽ തകർത്താണ് മോഷ്‌ടാവ് അകത്തുകയറിയത്. കമ്പിപ്പാരയും വെട്ടുകത്തിയുമായി ഒരാൾ നടന്നുപോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് മാസത്തിനിടെ പത്തോളം കവർച്ചകൾ പ്രദേശത്ത് നടന്നതായി നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പുളിക്കീഴ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Also read: