29/03/2026
[fontresizer_tawhidurrahmandear_widget]

സൗദിയിൽ ഇറാൻ ആക്രമണത്തിൽ അഞ്ച് യുഎസ് ടാങ്കർ വിമാനങ്ങൾ തകർന്നു

 സൗദിയിൽ ഇറാൻ ആക്രമണത്തിൽ അഞ്ച് യുഎസ് ടാങ്കർ വിമാനങ്ങൾ തകർന്നു

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അഞ്ച് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ തകർന്നു. വാൾ സ്ട്രീറ്റ് ജേണലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിമാനങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും നിലവിൽ അവയുടെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പടിഞ്ഞാറൻ ഇറാഖിൽ യുഎസ് സൈനിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനിടെ കെസി-135 വിമാനം തകർന്ന് ആറ് ജീവനക്കാർ മരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. ഇതോടെ ‘ഓപറേഷൻ എപ്പിക് ഫ്യൂറി’യിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം 13 ആയി ഉയർന്നു. ഇറാഖിലെ അപകടത്തിൽ രണ്ട് വിമാനങ്ങൾ ഉൾപ്പെട്ടിരുന്നതായും ഇതിൽ ഒരെണ്ണം ഇസ്രയേലിൽ സുരക്ഷിതമായി ഇറങ്ങിയതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഈ ആഴ്ച ആദ്യം പെന്റഗൺ പുറത്തുവിട്ട കണക്കുകൾ പ്രകാരം 140 ഓളം യുഎസ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്, ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്.

ആധുനിക യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ടാങ്കർ വിമാനങ്ങൾ യുഎസ് സൈനിക നീക്കങ്ങളിൽ നിർണയകമാണ്. നിലവിൽ ഇറാന് എതിരെയുള്ള നീക്കങ്ങളിൽ B-2 സ്റ്റെൽത്ത് ബോംബറുകൾ, F-15, F-35 വിമാനങ്ങൾ എന്നിവയ്ക്ക് ഏകദേശം 86 ടാങ്കറുകളാണ് ആകാശ ലൈഫ്‌ലൈൻ നൽകുന്നത്. ലോകത്തിലെ ആകെ ടാങ്കർ വിമാനങ്ങളുടെ 75 ശതമാനവും പ്രവർത്തിപ്പിക്കുന്നത് അമേരിക്കയാണ്. 1957 മുതൽ സേവനത്തിലുള്ള കെസി-135 സ്ട്രാറ്റോടാങ്കറുകളാണ് ഇതിൽ പ്രധാനം. രണ്ട് വിമാനങ്ങൾ തമ്മിൽ ഏതാനും മീറ്റർ മാത്രം അകലത്തിൽ പറന്ന് ഇന്ധനം കൈമാറുന്ന പ്രക്രിയ സൈനിക വ്യോമയാനത്തിലെ ഏറ്റവും സങ്കീർണമായ നീക്കങ്ങളിലൊന്നാണ്.

Also read: