28/03/2026
[fontresizer_tawhidurrahmandear_widget]

50 രൂപയുണ്ടോ? ഒരുദിവസത്തെ വിശപ്പടക്കാം; സാധാരണക്കാർക്ക് താങ്ങായി ഇന്ദിര കാന്റീൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

 50 രൂപയുണ്ടോ? ഒരുദിവസത്തെ വിശപ്പടക്കാം; സാധാരണക്കാർക്ക് താങ്ങായി ഇന്ദിര കാന്റീൻ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു

കൊച്ചി: സാധാരണക്കാർക്ക് ആശ്വാസമേകി ഒരുദിവസത്തെ ഭക്ഷണം വെറും 50 രൂപയ്ക്ക് ലഭ്യമാക്കുന്ന കൊച്ചി കോർപറേഷൻ്റെ ഇന്ദിരാ കാൻ്റീൻ പദ്ധതിക്ക് തുടക്കമായി. നഗരസഭയുടെ ഇടപ്പള്ളി സോണൽ ഓഫീസിൽ ആരംഭിച്ച ആദ്യ കാൻ്റീൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം മേയർ പ്രഖ്യാപിച്ച 50 ദിന കർമപരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനമാണ് ഇതോടെ യാഥാർഥ്യമായത്. ഐഡിബിഐ ബാങ്കിൻ്റെ സിഎസ്ആർ ഫണ്ട് വിനിയോഗിച്ചാണ് ഇടപ്പള്ളിയിൽ ആദ്യ കാൻ്റീൻ സജ്ജമാക്കിയത്. കോർപറേഷൻ്റെ അഭിമാന പദ്ധതിയായ ‘സമൃദ്ധി’ക്കാണ് കാൻ്റീനുകളുടെ നടത്തിപ്പ് ചുമതല.

ഭക്ഷണക്രമവും വിലയും:

  • പ്രഭാതഭക്ഷണം: 10 രൂപ
  • ഉച്ചഭക്ഷണം: 30 രൂപ
  • രാത്രിഭക്ഷണം: 10 രൂപ
  • ആകെ: 50 രൂപ

രാവിലെ 8 മുതൽ രാത്രി 8 വരെയാണ് കാൻ്റീൻ പ്രവർത്തിക്കുക. തിങ്കളാഴ്ച മുതൽ ഇത് പൂർണതോതിൽ പ്രവർത്തനസജ്ജമാകും. സമൃദ്ധിയെ ആഗോള ബ്രാൻഡാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും പശ്ചിമകൊച്ചിയിൽ ഉടൻ തന്നെ അടുത്ത കാൻ്റീൻ തുറക്കുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയർ വി.കെ മിനിമോൾ പറഞ്ഞു.

ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ആൻ്റണി പൈനുതറ പദ്ധതി വിശദീകരിച്ചു. ഹൈബി ഈഡൻ എംപി, എംഎൽഎ മാരായ കെ ബാബു, ഉമാ തോമസ്, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ഡെപ്യൂട്ടി മേയർ ദീപക് ജോയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. വരും ദിവസങ്ങളിൽ നഗരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് കോർപറേഷൻ്റെ തീരുമാനം.

Also read: