28/03/2026
[fontresizer_tawhidurrahmandear_widget]

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ദുരൂഹ മരണം: നാദിയയുടേത് കൊലപാതകമെന്ന ആരോപണവുമായി മാതാപിതാക്കൾ

 വിവാഹം കഴിഞ്ഞ് മൂന്നാം മാസം ദുരൂഹ മരണം: നാദിയയുടേത് കൊലപാതകമെന്ന ആരോപണവുമായി മാതാപിതാക്കൾ

മലപ്പുറം: വിവാഹം കഴിഞ്ഞ് മൂന്നാം മാസം യുവതി ഭർത്തൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. കാളികാവ് പള്ളിശ്ശേരി പൂതനാലി റഷീദയുടെയും അശ്റഫിന്റെയും മകൾ നാദിയയെ (20) ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത ഏറുന്നത്. 2025 ഒക്ടോബർ 20-നായിരുന്നു നാദിയയുടെ വിവാഹം. ജനുവരി 29-ന് പുലർച്ചെ നാദിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് ഭർത്തൃവീട്ടുകാർ പറയുന്നത്.

എന്നാൽ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും നാദിയയുടെ മാതാപിതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിലെ നിഗൂഢതകൾ പുറത്തുകൊണ്ടുവരാൻ നിലവിലെ പോലീസ് അന്വേഷണം അപര്യാപ്തമാണെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിനോ (SIT) ക്രൈംബ്രാഞ്ചിനോ കൈമാറണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

വിഷയത്തിൽ മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ-വനിതാ കമ്മിഷനുകൾ എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. മകളുടെ അസ്വാഭാവിക മരണത്തിലെ സത്യം പുറത്തുവരുന്നത് വരെ നിയമപോരാട്ടം തുടരുമെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും കുടുംബത്തിന്റേത് വെറും ആരോപണങ്ങൾ മാത്രമാണെന്നുമാണ് പോലീസിന്റെ നിലപാട്.

Also read: