28/03/2026
[fontresizer_tawhidurrahmandear_widget]

ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നും പുനലൂരിൽ നൗഷാദ് യൂനുസും സ്ഥാനാർത്ഥികൾ; പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

 ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നും പുനലൂരിൽ നൗഷാദ് യൂനുസും  സ്ഥാനാർത്ഥികൾ; പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്

മലപ്പുറം: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഭാഗമായി ചേലക്കരയിലും പുനലൂരിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചേലക്കരയിൽ ശിവൻ വീട്ടിക്കുന്നും പുനലൂരിൽ നൗഷാദ് യൂനുസും മത്സരിക്കുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

മുന്നണി ധാരണപ്രകാരം ആദ്യമായാണ് ചേലക്കര സീറ്റ് മുസ്ലിം ലീഗിന് ലഭിക്കുന്നത്. കൊണ്ടാഴി സ്വദേശിയായ ശിവൻ വീട്ടിക്കുന്ന്, കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി, കൊണ്ടാഴി സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. 2025-ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ യു.ആർ. പ്രദീപ് 12,201 വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒമ്പതിനായിരത്തോളം വോട്ടുകളുടെ മേൽക്കൈ ഇവിടെയുണ്ട്.

പുനലൂരിൽ ലീഗിന്റെ കരുത്തുറ്റ മുഖമായിരുന്ന അന്തരിച്ച യൂനുസ് കുഞ്ഞിന്റെ മകൻ നൗഷാദ് യൂനുസിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. നിലവിൽ സി.പി.ഐയുടെ പി.എസ് സുപാൽ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ, നൗഷാദിലൂടെ മികച്ച മുന്നേറ്റമുണ്ടാക്കാമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ 37,000-ലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് ലീഗ് ഒരുങ്ങുന്നത്. ഇരു മണ്ഡലങ്ങളിലും എൽഡിഎഫ് സ്വാധീനം നിലനിൽക്കെ, പുതുമുഖങ്ങളെയും പ്രാദേശിക സ്വാധീനമുള്ളവരെയും മുൻനിർത്തി സീറ്റുകൾ പിടിച്ചെടുക്കാനാണ് ലീഗിന്റെ നീക്കം.

Also read: