മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ ശമ്പളം പിടിക്കും; നിയമവുമായി തെലങ്കാന സർക്കാർ
ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ അവഗണിക്കുന്ന സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി തെലങ്കാന സർക്കാർ. മാതാപിതാക്കളെ സംരക്ഷിക്കാത്ത പക്ഷം ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് നിശ്ചിത തുക പിടിച്ചെടുക്കാൻ വ്യവസ്ഥ ചെയ്യുന്ന ‘തെലങ്കാന എംപ്ലോയീസ് അക്കൗണ്ടബിലിറ്റി ആൻഡ് മോണിറ്ററിംഗ് ഓഫ് പാരന്റൽ സപ്പോർട്ട് ബിൽ – 2026’ നിയമസഭ പാസാക്കി. ശമ്പളത്തിന്റെ 15 ശതമാനമോ അല്ലെങ്കിൽ പരമാവധി 10,000 രൂപയോ ഇത്തരത്തിൽ പിടിച്ചെടുക്കാം.
എംഎൽഎമാർ, എംപിമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവർക്കും ഈ നിയമം ബാധകമായിരിക്കും. മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ ഭയം ഉണ്ടാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി പറഞ്ഞു. അന്തസ്സോടെ ജീവിക്കാനുള്ള മാതാപിതാക്കളുടെ അവകാശം സംരക്ഷിക്കാനാണ് ഈ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മക്കൾ അവഗണിക്കുന്നുവെന്ന പരാതിയുമായി മാതാപിതാക്കൾക്ക് ജില്ലാ കളക്ടറെ സമീപിക്കാം. 60 ദിവസത്തിനുള്ളിൽ പരാതി തീർപ്പാക്കി കളക്ടർ ഉത്തരവ് പുറപ്പെടുവിക്കും. പിടിച്ചെടുക്കുന്ന തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. സ്വന്തം മാതാപിതാക്കൾക്ക് പുറമെ ദത്തെടുത്ത മാതാപിതാക്കൾക്കും നിയമത്തിന്റെ പരിരക്ഷ ലഭിക്കും. കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്ന ആധുനിക കാലഘട്ടത്തിൽ പ്രായമായവർക്ക് താങ്ങാകാനാണ് സർക്കാർ ഇത്തരമൊരു മാതൃകാപരമായ നീക്കം നടത്തിയത്.