03/04/2026
[fontresizer_tawhidurrahmandear_widget]

ലഹരിക്ക് 700 രുപ നൽകിയില്ല; ബന്ധുവീടിന് തീയിട്ട് യുവാവ്: പൊലീസിനെതിരെ ഗുരുതര വീഴ്ചാ ആരോപണം

 ലഹരിക്ക് 700 രുപ നൽകിയില്ല; ബന്ധുവീടിന് തീയിട്ട് യുവാവ്: പൊലീസിനെതിരെ ഗുരുതര വീഴ്ചാ ആരോപണം

കണിയാപുരം: ലഹരിമരുന്ന് വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് ബന്ധുവീടിന് തീയിട്ടു. കണിയാപുരം ആലുംമൂട് ലക്ഷംവീട് കോളനിയിൽ അമീനയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീടാണ് പൂർണമായും കത്തിനശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമീനയുടെ സഹോദരി പുത്രൻ ഫൈസൽ (28) മംഗലപുരം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ലഹരി വാങ്ങാൻ 700 രൂപ ആവശ്യപ്പെട്ട് എത്തിയ ഫൈസൽ, പണം ലഭിക്കാതെ വന്നതോടെ വീടിന് മുന്നിൽ വെച്ച് കൈഞരമ്പ് മുറിച്ചു. തുടർന്ന് പൊലീസെത്തി ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട ഇയാൾ പുലർച്ചെ നാല് മണിയോടെ തിരിച്ചെത്തി വീടിന് തീ വയ്ക്കുകയായിരുന്നു.

കൊലവിളി നടത്തിയിട്ടും പ്രതിയെ തടയുന്നതിൽ പൊലീസിന് ഗുരുതര വീഴ്ച പറ്റിയതായി കുടുംബം ആരോപിക്കുന്നു. “കുടുംബാംഗങ്ങളെ കൊന്ന് വീട് കത്തിക്കും” എന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ വെച്ച് തന്നെ ഫൈസൽ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഈ പരാതി നിസാരമായി തള്ളിയ പൊലീസ്, പ്രതിയെ ആശുപത്രിയിൽ എത്തിച്ച വിവരം അവിടുത്തെ സുരക്ഷാ വിഭാഗത്തെ അറിയിച്ചതുമില്ല.

ഭീഷണി ഭയന്ന് അമീനയും കുടുംബവും രാത്രി തന്നെ ബന്ധുവീട്ടിലേക്ക് മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. എങ്കിലും വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ, ബാങ്ക് രേഖകൾ എന്നിവ പൂർണമായും കത്തിനശിച്ചു. തീപിടുത്തത്തിനിടെ പാചകവാതക സിലിണ്ടർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത് പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി.

Also read: