09/04/2026
[fontresizer_tawhidurrahmandear_widget]

‘ഇസ്രയേലുമായുള്ള എല്ലാ ബന്ധവും യൂറോപ്യൻ യൂനിയൻ റദ്ദാക്കണം’-ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

 ‘ഇസ്രയേലുമായുള്ള എല്ലാ ബന്ധവും യൂറോപ്യൻ യൂനിയൻ റദ്ദാക്കണം’-ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്

മാഡ്രിഡ്: ലബനാനിൽ ഇസ്രയേൽ നടത്തുന്ന വിനാശകരമായ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കടുത്ത വിമർശനവുമായി സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഇസ്രയേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും മനുഷ്യജീവനോടുള്ള പുച്ഛമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്രയേലുമായുള്ള നയതന്ത്ര-വ്യാപാര ബന്ധങ്ങളെല്ലാം വിച്ഛേദിക്കണമെന്ന് സാഞ്ചസ് യൂറോപ്യൻ യൂനിയനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും വലിയ ആക്രമണമായാണ് കണക്കാക്കപ്പെടുന്നത്. കേവലം 10 മിനിറ്റിനുള്ളിൽ ബെയ്‌റൂത്ത്, തെക്കൻ ലബനാൻ, ബെക്കാ വാലി എന്നിവിടങ്ങളിലായി നൂറിലധികം മിസൈലുകളാണ് ഇസ്രയേൽ വർഷിച്ചത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും, ആക്രമണത്തിൽ 250-ലധികം സാധാരണക്കാർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ലബനാനെ ഇതിൽനിന്ന് ഒഴിവാക്കിയ നെതന്യാഹുവിന്റെ നിലപാടിനെ സാഞ്ചസ് രൂക്ഷമായി വിമർശിച്ചു. ഇറാന് നൽകിയ വെടിനിർത്തൽ ലബനാനും ഹിസ്ബുല്ലയ്ക്കും ബാധകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലുമായുള്ള വ്യാപാര-നയതന്ത്ര കരാറുകൾ യൂറോപ്യൻ യൂണിയൻ അടിയന്തരമായി റദ്ദാക്കണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നവർക്ക് ശിക്ഷ ലഭിക്കണം. ക്രിമിനൽ നടപടികളിൽനിന്ന് ആരും രക്ഷപ്പെടാൻ പാടില്ലെന്നും പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു.

ലബനാനിലെ ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മാനുഷിക സാഹചര്യം അതീവ ഗുരുതരമാണെന്നും അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹുവിനെതിരെ പരസ്യമായി രംഗത്തെത്തിയ ആദ്യത്തെ പ്രമുഖ യൂറോപ്യൻ നേതാവാണ് പെഡ്രോ സാഞ്ചസ്. ഇതോടെ മിഡിൽ ഈസ്റ്റ് വിഷയത്തിൽ യൂറോപ്യൻ യൂണിയനുള്ളിലെ ഭിന്നതയും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

Also read: