‘ഇറാനെ ആക്രമിക്കാൻ ചാരവിമാന വിവരങ്ങൾ അമേരിക്കയ്ക്ക് കൈമാറില്ല’; നിലപാട് വ്യക്തമാക്കി ഓസ്‌ട്രേലിയ
കാൻബറ: പശ്ചിമേഷ്യയിൽ ഓസ്‌ട്രേലിയ വിന്യസിച്ച അത്യാധുനിക ചാരവിമാനം ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് വിവരങ്ങൾ കൈമാറുന്നില്ലെന്ന് നിലപാട് വ്യക്തമാക്കി പ്രതിരോധ സേനാ മേധാവി അഡ്മിറൽ ഡേവിഡ് ജോൺസ്റ്റൺ. യുദ്ധ മേഖലയിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം ഫിൽട്ടർ ചെയ്ത വിവരങ്ങൾ മാത്രമാണ് യുഎസിന് കൈമാറുന്നത്. ഡ്രോണുകളെയും മിസൈലുകളെയും കുറിച്ചുള്ള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമേ കൈമാറുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ തങ്ങളുടെ വിമാനത്തിലെ വിദഗ്ധരായ ഉദ്യോഗസ്ഥർ സജീവമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ തങ്ങളുടെ പങ്കാളിത്തം പ്രതിരോധത്തിന് മാത്രമായി പരിമിതപ്പെടുത്താനാണ് ഓസ്‌ട്രേലിയയുടെ ശ്രമം. ഇറാനിൽ ആക്രമണം നടത്തുന്നതിനായി തങ്ങളുടെ രഹസ്യാന്വേഷണ വിവരങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നത് വിമാനം വിന്യസിക്കുന്ന സമയത്തുതന്നെ സുപ്രധാന നിബന്ധനയാണെന്നും അഡ്മിറൽ ജോൺസ്റ്റൺ കാൻബറയിലെ പ്രതിരോധ ആസ്ഥാനത്ത് വെച്ച് വ്യക്തമാക്കി. ഓസ്‌ട്രേലിയയുടെ ‘ഇ7 വെഡ്ജ്‌ടെയിൽ എന്ന ചാരവിമാനത്തിന്റെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ സേവന കാലാവധി സർക്കാർ നീട്ടിയതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നത്.
ആദ്യം നിശ്ചയിച്ചിരുന്ന നാല് ആഴ്ചത്തെ കാലാവധിക്ക് ശേഷം വിമാനം പശ്ചിമേഷ്യയിൽ തന്നെ തുടരുമെന്ന് പ്രധാനമന്ത്രി ആന്റണി ആൽബനീസ് സ്ഥിരീകരിച്ചു. പ്രദേശത്തെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനും വ്യോമാക്രമണ ഭീഷണികൾ നിരീക്ഷിക്കുന്നതിനുമാണ് ഓസ്‌ട്രേലിയ മുൻഗണന നൽകുന്നത്. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും യുദ്ധനീക്കങ്ങളെ ഓസ്‌ട്രേലിയ പിന്തുണയ്ക്കുന്നതിനെതിരെ രാജ്യത്തിനകത്ത് വിമർശനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ തങ്ങൾ ആരുടെ പക്ഷം ചേർന്നും യുദ്ധം ചെയ്യുന്നില്ലെന്നും, മേഖലയിലെ തന്ത്രപരമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ മാത്രമാണ് സൈനിക വിന്യാസമെന്നുമാണ് സർക്കാരിന്റെ നിലപാട്. ഇറാൻ മേഖലയിൽ നടത്തുന്ന ആക്രമണങ്ങളിൽ ഓസ്‌ട്രേലിയൻ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു പൂർണ്ണ യുദ്ധത്തിലേക്ക് കടക്കാൻ ഓസ്‌ട്രേലിയ തയ്യാറല്ലെന്ന് ഭരണകൂടം ആവർത്തിച്ചു.