19/06/2026
[fontresizer_tawhidurrahmandear_widget]

‘അയാള്‍ക്ക് യാതൊരു വിവേകവും ഇല്ല; സമാധാന കരാര്‍ വൈകിയതിനു കാരണം നെതന്യാഹു’- രൂക്ഷ വിമര്‍ശനവുമായി ട്രംപ്

 ‘അയാള്‍ക്ക് യാതൊരു വിവേകവും ഇല്ല; സമാധാന കരാര്‍ വൈകിയതിനു കാരണം നെതന്യാഹു’- രൂക്ഷ വിമര്‍ശനവുമായി ട്രംപ്

വാഷിങ്ടൺ: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്ക-ഇറാന്‍ സമാധാനകരാര്‍ ഒപ്പിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇസ്രയേല്‍ ലെബനനില്‍ നടത്തിയ ആക്രമണമാണ് ട്രംപിനെ ചൊടിപ്പിച്ചത്. അമേരിക്കൻ മാധ്യമമായ ‘ആക്സിയോസി’നോട് സംസാരിക്കവെ നെതന്യാഹുവിനെതിരെ ട്രംപ് പരസ്യമായി രംഗത്തെത്തി.

“ബിബി എന്തിനാണ് ഇങ്ങനെയൊരു ആക്രമണം നടത്തിയത്? അതില്‍ എനിക്ക് അങ്ങേയറ്റം ദേഷ്യം വന്നു, ഞാനത് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അയാള്‍ക്ക് വിവേകത്തോടെ തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന് ഞാന്‍ തുറന്നുപറഞ്ഞു” എന്ന് ട്രംപ് വെളിപ്പെടുത്തി. ഇസ്രയേലിന്റെ നടപടി എല്ലാം കുഴപ്പത്തിലാക്കിയെന്നും കരാറില്‍ ഒപ്പിടുന്നത് കുറച്ചു മണിക്കൂറുകള്‍ കൂടെ വൈകാൻ ഇത് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഒപ്പിടൽ ചടങ്ങുകൾ കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷമേ നടക്കൂ എന്നും ട്രംപ് വ്യക്തമാക്കി.

കരാർ ഒപ്പിടേണ്ട സമയത്തിന് കൃത്യം ഒരു മണിക്കൂർ മുമ്പാണ് ബെയ്‌റൂട്ടിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. മൂന്ന് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ നടപടി പശ്ചിമേഷ്യയിലെ നയതന്ത്ര ശ്രമങ്ങളെ പ്രതിസന്ധിയിലാക്കി. എന്നാൽ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ തിരിച്ചടിച്ചതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം.

സമാധാനകരാർ യാഥാർത്ഥ്യമാകുന്നതോടെ ഹോര്‍മുസ് കടലിടുക്ക് നികുതികളില്ലാതെ പൂര്‍ണമായി തുറന്നു കൊടുക്കാന്‍ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. ‘ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എന്‍ജിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ, എണ്ണ ഒഴുകട്ടെ’ എന്നും ട്രംപ് പറഞ്ഞു. എന്നാൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവവികാസങ്ങൾ ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്.

Also read: