‘വാർത്ത കണ്ടാണ് മരണവിവരം അറിഞ്ഞത് ‘; നിതിൻരാജ് താമസിച്ച ഹോസ്റ്റൽ തടവറപോലെയെന്ന് ബന്ധു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ കോളേജ് അധികൃതർക്കെതിരെയും ഹോസ്റ്റൽ മാനേജ്‌മെന്റിനെതിരെയും ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ ഒരു തടവറയ്ക്ക് സമാനമായിരുന്നുവെന്നും നിരന്തരമായ റാഗിങ്ങും ജാതി അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്നും സഹോദരീഭർത്താവ് എസ്.എം അശോക് കുമാർ ആരോപിച്ചു.
രണ്ടുമാസം മുൻപ് പനി ബാധിച്ച സമയത്ത് നിതിനെ സഹപാഠികളിൽ നിന്ന് ഒറ്റപ്പെടുത്തി ഒരു മുറിയിലേക്ക് മാറ്റിയതായും ആശയവിനിമയം പോലും തടഞ്ഞതായും കുടുംബം പറയുന്നു. സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ശാരീരിക പീഡനവും നിറത്തിന്റെ പേരിലുള്ള അധിക്ഷേപവും നേരിടേണ്ടി വന്നു. മാനസികമായി തളർന്ന നിതിൻ പഠനം നിർത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും ബന്ധുക്കളുടെ പ്രേരണയിലാണ് കോളേജിൽ തുടർന്നത്.
കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെയും കുടുംബം ചോദ്യം ചെയ്യുന്നു. ഉച്ചയ്ക്ക് 1.38-ഓടെ കെട്ടിടത്തിന് താഴെ വീണ നിലയിൽ കണ്ടെത്തിയ നിതിൻരാജിന്റെ മരണം 3.35-ന് സ്ഥിരീകരിച്ചിട്ടും അധികൃതർ വീട്ടുകാരെ വിവരമറിയിച്ചില്ല. ടിവി ചാനലുകളിൽ വാർത്ത കണ്ടാണ് മകന്റെ മരണവിവരം അറിഞ്ഞതെന്ന് അശോക് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.