13/04/2026
[fontresizer_tawhidurrahmandear_widget]

വീഡിയോ ഗെയിം കളിക്കുന്നവർക്ക് പ്രത്യേക കഴിവ്; എയർ ട്രാഫിക് കൺട്രോളർമാരായി നിയമിക്കാനൊരുങ്ങി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ

 വീഡിയോ ഗെയിം കളിക്കുന്നവർക്ക് പ്രത്യേക കഴിവ്; എയർ ട്രാഫിക് കൺട്രോളർമാരായി നിയമിക്കാനൊരുങ്ങി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ

വാഷിങ്ടൺ: വീഡിയോ ഗെയിം കളിക്കുന്ന മക്കളെ പലപ്പോഴും ശകാരിക്കുന്നവരാണ് മാതാപിതാക്കൾ. പഠനവും പാഠ്യേതര കാര്യങ്ങളിലും കുട്ടികളുടെ മികവിനെ ഗെയിം കളിക്കുന്നത് ബാധിക്കുമെന്നാണ് പൊതു അഭിപ്രായം. എന്നാൽ ഇത്തരം ഗെയിം കളിക്കുന്നവരിൽ മാത്രം കണ്ടുവരുന്ന ചില പ്രത്യേക സ്വഭാവ ഗുണങ്ങളും സവിശേഷതകളും ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ വിമാനയാത്രകളുടെ നിയന്ത്രണവും സുരക്ഷയും കൈകാര്യം ചെയ്യുന്ന ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും(എഫ്.എ.എ) ഇത്തരം ഗെയിമേർസിനെ വെച്ച് പുതിയൊരു പരീക്ഷണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

രാജ്യത്ത് എയർ ട്രാഫിക് കൺട്രോളർമാരുടെ വലിയ തോതിലുള്ള കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ, ആ വിടവ് നികത്താൻ വീഡിയോ ഗെയിം കളിക്കുന്ന യുവാക്കളെയാണ് അധികൃതർ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനായി ‘ലെവൽ അപ്പ് യുവർ കരിയർ’ എന്ന പേരിൽ ആകർഷകമായ ഒരു റിക്രൂട്ട്‌മെന്റ് ക്യാമ്പയിൻ തന്നെ ഏജൻസി ആരംഭിച്ചു കഴിഞ്ഞു. വീഡിയോ ഗെയിമുകളിൽ സജീവമായവർക്ക് ഒരേസമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, പെട്ടെന്ന് തീരുമാനങ്ങൾ എടുക്കാനും, സങ്കീർണ്ണമായ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുമുള്ള കഴിവുണ്ടെന്ന് എഫ്.എ.എ വിലയിരുത്തുന്നു. ഒരു എയർ ട്രാഫിക് കൺട്രോളർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളും ഇവ തന്നെയാണ്.

നിലവിൽ അമേരിക്കയിൽ ഏകദേശം 11,000 കൺട്രോളർമാരാണ് ഉള്ളത്, എന്നാൽ സുഗമമായ പ്രവർത്തനത്തിന് ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ കുറവ് കൂടി ഇനിയും നികത്താനുണ്ട്. ഏപ്രിൽ 17 മുതൽ ആരംഭിക്കുന്ന ഈ റിക്രൂട്ട്‌മെന്റിലൂടെ ഏകദേശം 9,000 പുതിയ കൺട്രോളർമാരെ നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ ജോലിക്ക് അപേക്ഷിക്കാൻ ബിരുദം നിർബന്ധമില്ല എന്നതും 31 വയസ്സിൽ താഴെയുള്ളവർക്ക് മുൻഗണന നൽകുമെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒക്‌ലഹോമ സിറ്റിയിലെ എഫ്.എ.എ അക്കാദമിയിൽ വിദഗ്ധ പരിശീലനം നൽകും. പരിശീലന കാലയളവിൽ ശമ്പളം ലഭിക്കുമെന്ന് മാത്രമല്ല, ജോലിയിൽ പ്രവേശിച്ച് മൂന്ന് വർഷം തികയുമ്പോൾ വാർഷിക വരുമാനം ഏകദേശം 155,000 ഡോളറിന് (ഏകദേശം 1.3 കോടി രൂപ) മുകളിൽ എത്തുമെന്നും അധികൃതർ വാഗ്ദാനം ചെയ്യുന്നു.

ഫ്‌ലോപ്പി ഡിസ്‌കുകളും പേപ്പർ സ്ട്രിപ്പുകളും ഉപയോഗിച്ചിരുന്ന പഴയ കാലഘട്ടത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തെ ആധുനിക സാങ്കേതികവിദ്യയിലേക്ക് മാറ്റുന്നതിന്റെ ഭാഗം കൂടിയാണിത്. ഗെയിമിംഗ് പശ്ചാത്തലമുള്ളവർക്ക് പുതിയ ഡിജിറ്റൽ സംവിധാനങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയുമെന്ന് ഗതാഗത സെക്രട്ടറി ഷാൻ ഡഫി വ്യക്തമാക്കി. ‘ഇതൊരു ഗെയിമല്ല, മറിച്ച് ദശലക്ഷക്കണക്കിന് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഉത്തരവാദിത്തമുള്ള കരിയറാണ്’ എന്നാണ് പ്രചാരണ വീഡിയോയിലൂടെ ഏജൻസി യുവാക്കളെ ഓർമ്മിപ്പിക്കുന്നത്. ഈ പുതിയ നീക്കത്തിലൂടെ കൂടുതൽ യുവാക്കളെ ആകർഷിക്കാനും വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് അമേരിക്കൻ വ്യോമയാന മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Also read: