ജഡ്ജിക്ക് ആർ.എസ്.എസ് ബന്ധമെന്ന് കെജ്‌രിവാൾ; മദ്യനയക്കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യം
അരവിന്ദ് കെജ്‌രിവാൾ, സ്വർണകാന്ത ശർമ
ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിൽനിന്ന് ഡൽഹി ഹൈകോടതി ജസ്റ്റിസ് സ്വർണകാന്ത ശർമ പിന്മാറണമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.ആർഎസ്എസുമായി ബന്ധമുള്ള അഭിഭാഷക സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷത്ത് സംഘടിപ്പിച്ച പരിപാടികളിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മ നാല് തവണ പങ്കെടുത്തതായി അദ്ദേഹം ആരോപിച്ചു. അങ്ങനെയൊരാളിൽ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും കെജ്‌രിവാൾ ജഡ്‌ജിയോട് പറഞ്ഞു.
ജഡ്‌ജിക്ക് പക്ഷപാതമുണ്ടോ എന്നതല്ല, മറിച്ച് നീതി തേടിയെത്തുന്നയാൾക്ക് അത്തരമൊരു ആശങ്കയുണ്ടോ എന്നതാണ് പ്രധാനമെന്ന മുൻ സുപ്രീം കോടതി വിധിയും അദ്ദേഹം വാദത്തിനിടെ ഉയർത്തിക്കാട്ടി.അന്വേഷണ ഏജൻസികൾ സ്വതന്ത്രമായിരിക്കണമെന്നും രാഷ്ട്രീയ പക്ഷപാതത്തിൻ്റെ നിഴൽ പോലും ജുഡീഷ്യറിയിൽ ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മദ്യനയ കേസിൽ തെളിവുകൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 27-ന് വിചാരണ കോടതി കെജ്രിവാളിനേയും സിസോദിയയെയും കുറ്റമുക്തരാക്കിയിരുന്നു.
മൂന്ന് മാസത്തോളം വാദം കേട്ട ശേഷമായിരുന്നു വിചാരണ കോടതിയുടെ ഈ വിധി.എന്നാൽ സിബിഐയുടെ അപ്പിൽ പരിഗണിച്ച ഹൈക്കോടതി ബെഞ്ച്, വെറും അഞ്ച് മിനിറ്റ് മാത്രം വാദം കേട്ട് വിചാരണ കോടതിയുടെ കണ്ടെത്തലുകൾ പ്രഥമദൃഷ്ട്യാ തെറ്റാണെന്ന് നിരീക്ഷിക്കുകയായിരുന്നു. ഈ നടപടിയേയും കെജ്രിവാൾ ചോദ്യം ചെയ്തു പ്രതിപക്ഷ നേതാക്കൾ ഉൾപ്പെട്ട കേസുകളിൽ കോടതി അസാധാരണമായ വേഗത കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തൻ്റെ ഹൃദയം തകർത്ത നടപടിയായിരുന്നു മാർച്ച് 9-ലെ കോടതി ഉത്തരവെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു.