19/04/2026
[fontresizer_tawhidurrahmandear_widget]

‘ഞാൻ പശുവല്ല, പോത്തിറച്ചി കഴിക്കും’; ഗോപാലകൃഷ്ണൻ്റെ വീഡിയോയുമായി ഷിയാസ് കരീം: സൈബർ ആക്രമണങ്ങൾക്ക് മറുപടി

 ‘ഞാൻ പശുവല്ല, പോത്തിറച്ചി കഴിക്കും’; ഗോപാലകൃഷ്ണൻ്റെ വീഡിയോയുമായി ഷിയാസ് കരീം: സൈബർ ആക്രമണങ്ങൾക്ക് മറുപടി

കൊച്ചി: ബീഫ് പരാമർശത്തെത്തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾക്കും വിവാദങ്ങൾക്കും മറുപടിയുമായി നടനും മോഡലുമായ ഷിയാസ് കരീം രംഗത്ത്. താൻ ബീഫ് എന്ന് ഉദ്ദേശിച്ചത് പശുവിറച്ചിയല്ലെന്നും പോത്തിറച്ചിയാണെന്നും വ്യക്തമാക്കിയ താരം, തന്റെ നിലപാടിന് കരുത്തുപകരാൻ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ പഴയൊരു വീഡിയോയും പങ്കുവെച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ പരിഹസിച്ചുകൊണ്ടാണ് ഷിയാസ് സംസാരിച്ചു തുടങ്ങിയത്.

“രണ്ടു ദിവസമായിട്ട് എന്നെ എല്ലാവരും കൂടി പാൻ ഇന്ത്യൻ ബീഫ് സ്‌റ്റാർ ഷിയാസ് കരീമാക്കി മാറ്റിയിരിക്കുകയാണ്. എനിക്ക് പറയാനുള്ളത് ബീഫ് എന്ന് പറഞ്ഞാൽ ഞാൻ ഉദ്ദേശിച്ചത് പശുവിറച്ചി അല്ല. പശുവിനെ വളർത്തിയും അയൽപക്കത്തെ വീട്ടിൽ പോയി പാൽ കുടിച്ചുമാണ് നമ്മളൊക്കെ വളർന്നത്. ബീഫ് എന്നാൽ പക്ക ബഫല്ലോ അഥവാ പോത്തിറച്ചിയാണ്, അത് ഞാൻ കഴിക്കും. എന്റെ സഹോദരിയെപ്പോലെയുള്ള ഒരു കുട്ടിയോട് തമാശയായി പറഞ്ഞ കാര്യത്തെ ഇത്തരത്തിൽ വളച്ചൊടിക്കാൻ പാടില്ലായിരുന്നു,” ഷിയാസ് കരീം വ്യക്തമാക്കി.

തന്റെ വാദത്തിന് ബലം നൽകാനായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ മുൻപ് നടത്തിയ ഒരു പ്രസ്താവനയുടെ വീഡിയോയും ഷിയാസ് പങ്കുവെച്ചു. “ഞാൻ ശുദ്ധമായ പോത്തിറച്ചി കഴിക്കും” എന്ന് ഗോപാലകൃഷ്ണണൻ പറയുന്ന വീഡിയോയാണിത്. ഒരു മുതിർന്ന ബിജെപി നേതാവ് തന്നെ ഇക്കാര്യം വ്യക്തമാക്കിയ സാഹചര്യത്തിൽ, തന്റെ വാക്കുകളെ എന്തിനാണ് വിവാദമാക്കുന്നത് എന്ന ചോദ്യമാണ് ഷിയാസ് ഉയർത്തുന്നത്. അടുത്തിടെ ബി​ഗ് ബോസ് താരം അനുമോളോട് ബീഫ് കഴിക്കാത്തതിൻ്റെ കാരണം ‘ഡയറ്റാണോ ബിജെപിയാണോ’ എന്ന് ഷിയാസ് ചോദിച്ചത് വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്.

Also read: