‘അവനെ നിങ്ങൾ കൊന്നുകളഞ്ഞില്ലേ!’; കരഞ്ഞുകലങ്ങിയ കണ്ണുമായ് മകൻ വീണ് മരിച്ച സ്ഥലം അച്ഛൻ കണ്ടു
അഞ്ചരക്കണ്ടി: കണ്ണൂർ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്നും ആരോപിച്ച് കുടുംബം രംഗത്ത്. തിങ്കളാഴ്ച കോളേജ് കാമ്പസിലെത്തിയ നിതിന്റെ പിതാവ് രാജനും ബന്ധുക്കളും വൈകാരികമായ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മകൻ വീണുമരിച്ച സ്ഥലം കണ്ട പിതാവ് “അവനെ നിങ്ങൾ കൊന്നുകളഞ്ഞല്ലോ” എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരിലും നോവായി.
മരണദിവസം രാവിലെ 11 മണി മുതൽ ഒരു മണി വരെ പ്രിൻസിപ്പലിന്റെ മുറിയിൽ നിതിനെ വിചാരണ ചെയ്തതായി കുടുംബം ആരോപിക്കുന്നു. ലോൺ ആപ്പ് വഴിയുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കാനെന്ന പേരിൽ വിളിച്ചുവരുത്തി നിതിനെ ക്രൂരമായി വ്യക്തിഹത്യ ചെയ്യുകയും മാനസികമായി തകർക്കുകയും ചെയ്തുവെന്നാണ് സഹോദരീഭർത്താവ് അശോക് പറയുന്നത്. ഈ സംഭവത്തിന് പത്ത് മിനിറ്റിന് ശേഷമാണ് നിതിൻ കെട്ടിടത്തിന് മുകളിൽ നിന്നും വീണത്. പ്രിൻസിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കണമെന്നും മുറിയിലുണ്ടായിരുന്നവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
കേസിൽ ഒന്നും രണ്ടും പ്രതികളായ കോളേജ് പാതോളജി വിഭാഗം മുൻ തലവൻ ഡോ. എം.കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത നമ്പ്യാർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. അഡീഷണൽ ജില്ലാ കോടതി (നാല്) ജഡ്ജി ജെ വിമൽ മുമ്പാകെയാണ് വാദം നടക്കുക. പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതനുസരിച്ച് നിതിന്റെ പിതാവ് രാജന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ഏപ്രിൽ 28-ന് സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് 52 ദളിത്-ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ നിതിൻ രാജ് ആക്ഷൻ കൗൺസിൽ അറിയിച്ചു. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും, മാനുഷിക പരിഗണന നൽകാത്ത അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഭവത്തിൽ പോലീസിന് പ്രത്യേക മൊഴി നൽകുമെന്ന് പിതാവ് രാജൻ വ്യക്തമാക്കിയിട്ടുണ്ട്.