24/04/2026
[fontresizer_tawhidurrahmandear_widget]

കാടുപിടിച്ച പുരയിടം, മണ്ണിൽ പായ വിരിച്ച കൂര; ഉറക്കത്തിൽ പാമ്പുകടിയേറ്റ ദിക്ഷലിനെ ഡോക്ടർ തൊട്ടുപോലും നോക്കിയില്ലെന്ന് പിതാവ്

 കാടുപിടിച്ച പുരയിടം, മണ്ണിൽ പായ വിരിച്ച കൂര; ഉറക്കത്തിൽ പാമ്പുകടിയേറ്റ ദിക്ഷലിനെ ഡോക്ടർ തൊട്ടുപോലും നോക്കിയില്ലെന്ന് പിതാവ്

തിരുവനന്തപുരം: തീരദേശ ഗ്രാമമായ ചിറയിൻകീഴിനെ കണ്ണീരിലാഴ്ത്തി എട്ടു വയസുകാരൻ ദിക്ഷലിന്റെ മരണം കേരള മനസാക്ഷിയെ വീണ്ടും പിടിച്ചുലയ്ക്കുന്നു. തിരുവനന്തപുരം മറ്റത്തൂരിലെ സമാനമായ സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേയാണ് ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് മറ്റൊരു പിഞ്ചുജീവൻ കൂടി പൊലിഞ്ഞത്. സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

ചിറയിൻകീഴ് അഴൂർ ഭഗവതി ക്ഷേത്രത്തിന് സമീപം കായൽ ചതുപ്പിനോട് ചേർന്നുള്ള പുറമ്പോക്കിലെ താൽക്കാലിക കൂരയിലാണ് ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷൽ കഴിഞ്ഞിരുന്നത്. കടുത്ത ചൂടുമൂലം മുറിയിലെ കട്ടിലിൽ കിടക്കാതെ, മുത്തശ്ശിക്കൊപ്പം തറയിൽ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു ദിക്ഷൽ. പുലർച്ചെ രണ്ട് മണിയോടെ കാലിൽ എന്തോ കടിച്ചെന്ന് പറഞ്ഞു കുട്ടി ഞെട്ടിയുണർന്നു. ലൈറ്റിട്ടു നോക്കിയപ്പോൾ ഇടതുകാലിന്റെ തള്ളവിരലിൽ ചോര കനിയുന്നത് കണ്ടതിനെ തുടർന്ന് മാതാപിതാക്കൾ ഉടൻ തന്നെ കുട്ടിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ ദിക്ഷലിന് ബോധമുണ്ടായിരുന്നുവെന്നും എന്നാൽ ഡോക്ടർമാർ കുട്ടിയെ തൊട്ടുപോലും നോക്കിയില്ലെന്നും പിതാവ് ദിലീപ് ആരോപിക്കുന്നു. “അവിടെ ചെന്ന് രക്തപരിശോധന നടത്തിയപ്പോൾ അവൻ വല്ലാതെ ഭയന്നു. ശ്വാസം മുട്ടുന്നുവെന്നും തല കറങ്ങുന്നുവെന്നും വസ്തുക്കളെ രണ്ടായി കാണുന്നുവെന്നും മകൻ വിളിച്ചു പറഞ്ഞിട്ടും അവിടെയുള്ളവർ ഗൗരവമായി എടുത്തില്ല. ഒരു നഴ്‌സ് മാത്രമാണ് എന്തൊക്കെയോ ചോദിച്ചത്. പിന്നീട് അവൻ ഛർദിക്കുകയും സംസാരിക്കാൻ കഴിയാതെ തൊണ്ടയിൽ കൈവെച്ച് ആംഗ്യം കാണിക്കുകയും ചെയ്തു. ആ സമയത്തെങ്കിലും പ്രാഥമിക ചികിത്സ നൽകുന്നതിന് പകരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ പറഞ്ഞ് അവർ കൈയൊഴിഞ്ഞു.” – ദിലീപ് പറയുഞ്ഞു.

ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ കയറ്റി രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴേക്കും ദിക്ഷൽ അബോധാവസ്ഥയിലായി. മെഡിക്കൽ കോളേജിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാമ്പ് കടിച്ചതാണെന്ന് സ്ഥിരീകരിക്കാത്തതിനാലാണ് ആന്റിവെനം നൽകാതിരുന്നതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

സംസ്ഥാനത്ത് അതിദരിദ്രരില്ലെന്ന പ്രഖ്യാപനങ്ങൾക്കിടയിലും ദിക്ഷലിന്റെ കുടുംബം കഴിഞ്ഞിരുന്നത് ദയനീയമായ സാഹചര്യത്തിലായിരുന്നു. സിമന്റ് ഇഷ്ടികകൾ അടുക്കിവെച്ച് ജിപ്‌സം ഷീറ്റുകൾ കൊണ്ട് മറച്ച, മണ്ണ് തറയുള്ള ഈ കൂരയിൽ രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ ആറുപേരാണ് കഴിഞ്ഞ മൂന്ന് വർഷമായി താമസിച്ചിരുന്നത്.

കുട്ടിയുടെ മരണശേഷം നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ, ദിക്ഷൽ കിടന്നുറങ്ങിയിരുന്ന മുറിയിലെ ചുമരിനോട് ചേർന്നുള്ള ഇഷ്ടികകൾക്കിടയിൽ നിന്ന് മൂർഖൻ പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം വീടിനോട് ചേർന്നുള്ള മരം മുറിച്ചപ്പോൾ പാമ്പ് വീടിനുള്ളിൽ കയറിയതാകാമെന്ന് നാട്ടുകാർ സംശയിക്കുന്നു.

അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ ചെയ്യുന്ന ദിലീപിന് അഞ്ച് സെന്റ് സ്ഥലം ഉടമ നൽകിയതായിരുന്നു. വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു കുടുംബം. പഠനത്തിലും ചിത്രരചനയിലും മിടുക്കനായിരുന്ന ദിക്ഷലിന്റെ വിയോഗം കുടുംബത്തിന്റെ പ്രതീക്ഷകളെയാണ് തല്ലിക്കെടുത്തിയത്. കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ തങ്ങളുടെ പൊന്നുമോൻ തിരിച്ചുവരുമായിരുന്നു എന്ന മാതാപിതാക്കളുടെ രോദനം ആരോഗ്യവകുപ്പിന് നേരെ വലിയ ചോദ്യചിഹ്നമാവുകയാണ്.

Also read: