ഇറാഖിൻ്റെ എണ്ണ വാങ്ങി പണം പിടിച്ചുവെച്ച് അമേരിക്ക: ഇറാൻ അനുകൂല ഗ്രൂപ്പുകളെ നിയന്ത്രിക്കാനെന്ന് വിശദീകരണം
വാഷിങ്ടൺ: ഇറാഖിലെ ഇറാൻ അനുകൂല സായുധ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് അമേരിക്ക ഇറാഖിലേക്കുള്ള ഡോളർ കറൻസി കൈമാറ്റം തടഞ്ഞു. ഇറാഖിന്റെ എണ്ണ വരുമാനത്തിൽ നിന്നുള്ള ഏകദേശം 500 ദശലക്ഷം ഡോളർ (ഏകദേശം 4,100 കോടി രൂപ) അടങ്ങുന്ന പണമാണ് അമേരിക്കൻ ട്രഷറി വിഭാഗം തടഞ്ഞുവെച്ചിരിക്കുന്നത്. ഇതിനുപുറമെ ഇറാഖുമായുള്ള സുരക്ഷാ സഹകരണ പരിപാടികളും അമേരിക്ക ഭാഗികമായി നിർത്തിവെച്ചിട്ടുണ്ട്.
ഇറാഖി മണ്ണിൽ പ്രവർത്തിക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പുകളെ അമർച്ച ചെയ്യാൻ ഇറാഖ് സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് അമേരിക്കയുടെ ഈ കടുത്ത നടപടി. ഇറാഖിലെ അമേരിക്കൻ എംബസിക്കും സൈനിക താവളങ്ങൾക്കും നേരെയും സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അയൽരാജ്യങ്ങൾക്ക് നേരെയും ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ സംഘങ്ങൾ തുടർച്ചയായി ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടത്തുന്നതാണ് വാഷിംഗ്ടണിനെ പ്രകോപിപ്പിച്ചത്.
ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള ഇറാഖിന്റെ എണ്ണ വരുമാനത്തിൽ നിന്നുള്ള പണമാണ് പ്രത്യേക വിമാനങ്ങളിൽ ബാഗ്ദാദിലേക്ക് എത്തിക്കാറുള്ളത്. ഈ സംവിധാനം ഉപയോഗിച്ച് ഇറാഖി സെൻട്രൽ ബാങ്കിന് നൽകേണ്ടിയിരുന്ന ഏപ്രിലിലെ പണമാണ് ഇപ്പോൾ തടഞ്ഞുവെച്ചിരിക്കുന്നത്. സാധാരണയായി വിദേശയാത്രകൾക്കും ചികിത്സയ്ക്കും പഠന ആവശ്യങ്ങൾക്കുമായി ഇറാഖി പൗരന്മാർക്ക് നൽകാനാണ് ഈ പണം ഉപയോഗിക്കുന്നത്. എന്നാൽ ഇലക്ട്രോണിക് പണമിടപാടുകളെ ഈ നടപടി ബാധിക്കില്ലെന്ന് ഇറാഖി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാൻ അനുകൂല ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നതിൽ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയുടെ സർക്കാർ പരാജയപ്പെട്ടുവെന്ന് അമേരിക്ക നയതന്ത്ര ചാനലുകൾ വഴി മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയുടെയും ഗൾഫ് സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളെ നിയന്ത്രിക്കാത്ത ഒരു സർക്കാരിനെയും തങ്ങൾ പിന്തുണയ്ക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ അമേരിക്ക നൽകുന്നത്.
അമേരിക്കയുടെ ഈ നീക്കം ഇറാഖിന്റെ സമ്പദ്‌വ്യവസ്ഥയെയും സുരക്ഷാ മേഖലയെയും വലിയ പ്രതിസന്ധിയിലാക്കാനാണ് സാധ്യത. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കും സൈനിക പരിശീലനത്തിനുമായി നൽകി വന്നിരുന്ന ധനസഹായവും ഇൻ്റലിജൻസ് വിവരങ്ങൾ കൈമാറുന്നതും അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യയും യു.എ.ഇയും ഇറാഖി മണ്ണിൽ നിന്നുള്ള ആക്രമണങ്ങളിൽ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ നടപടി.
ഒരേസമയം വാഷിംഗ്ടണുമായും തെഹ്‌റാനുമായും നല്ല ബന്ധം പുലർത്താൻ ശ്രമിക്കുന്ന ഇറാഖ് സർക്കാരിന് ഇത് വലിയ നയതന്ത്ര വെല്ലുവിളിയാണ് ഉയർത്തുന്നത്. സായുധ ഗ്രൂപ്പുകളെ എത്രയും വേഗം പിരിച്ചുവിടുകയോ അവരെ നിയന്ത്രിക്കുകയോ ചെയ്യാത്ത പക്ഷം സാമ്പത്തികമായ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.