‘ആളുകൾ തന്റെ രൂപത്തെ പരിഹസിച്ചിരുന്നു’; സിനിമയിൽ നേരിട്ട ബോഡിഷെയിമിങ്ങിനെ കുറിച്ച് ധനുഷ്
ചെന്നൈ: കരിയറിന്റെ തുടക്കകാലത്ത് താൻ നേരിട്ട കടുത്ത ബോഡി ഷെയിമിങ്ങിനെ കുറിച്ച് മനസ്സ് തുറന്ന് തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ്. തന്റെ പുതിയ ചിത്രമായ ‘കര’യുടെ പ്രീ-റിലീസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെലിഞ്ഞ ശരീരപ്രകൃതിയുടെ പേരിൽ ആളുകൾ തന്നെ പരിഹസിച്ചിരുന്ന കാലത്തെ കുറിച്ചും വെട്രിമാരൻ ചിത്രം ‘പൊല്ലാതവൻ’ എങ്ങനെ തന്റെ കരിയറിൽ വഴിത്തിരിവായെന്നും താരം വെളിപ്പെടുത്തി.
“പൊല്ലാതവൻ ഇറങ്ങുന്നതു വരെ പലരും എന്റെ രൂപത്തെ കളിയാക്കിയിരുന്നു. എന്നാൽ ആ സിനിമയിൽ സിക്സ് പാക്കുമായി എത്തിയപ്പോഴാണ് ആളുകൾ ആദ്യമായി എന്റെ ശരീരത്തെ അഭിനന്ദിച്ചതും എനിക്ക് വേണ്ടി വിസിലടിച്ചതും. അതുകൊണ്ട് തന്നെ ആ ചിത്രം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്,” ധനുഷ് പറഞ്ഞു. ജീവിതത്തിൽ എത്ര വെല്ലുവിളികൾ നേരിട്ടാലും സ്വന്തം കഴിവിലുള്ള വിശ്വാസം കൈവിടരുതെന്നും അദ്ദേഹം ആരാധകരെ ഓർമ്മിപ്പിച്ചു.
വിജയത്തെക്കുറിച്ച് മനസ്സിൽ യാതൊരു സംശയവും ഉണ്ടാകരുത് എന്നതായിരുന്നു ധനുഷിന്റെ പ്രസംഗത്തിന്റെ പ്രധാന ഭാഗം. “ഭഗവദ്ഗീതയിൽ പറയുന്നതുപോലെ, നിങ്ങൾ എന്ത് ചിന്തിക്കുന്നുവോ അതാണ് നിങ്ങൾ ആയിത്തീരുന്നത്. 2002-03 കാലഘട്ടത്തിൽ എനിക്ക് ദേശീയ അവാർഡ് കിട്ടുമെന്ന് പറഞ്ഞിരുന്നെങ്കിൽ എല്ലാവരും പരിഹസിക്കുമായിരുന്നു. എന്നാൽ എന്നെങ്കിലും ഒരിക്കൽ ആ പുരസ്കാരം നേടുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. ഒടുവിൽ ആ സമയം വന്നുചേർന്നു,” താരം കൂട്ടിച്ചേർത്തു.
2010-ൽ ‘ആടുകളം’ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്. പിന്നീട് 2019-ൽ ‘അസുരനി’ലൂടെ രണ്ടാമതും ഈ നേട്ടം അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം നിർമ്മിച്ച ‘കാക്ക മുട്ടൈ’, ‘വിസാരണൈ’ എന്നീ ചിത്രങ്ങൾക്കും ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.
വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ‘കര’ ഏപ്രിൽ 30-നാണ് തീയേറ്ററുകളിൽ എത്തുന്നത്. മമിത ബൈജു, ജയറാം, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.