‘മൊട്ടയടിക്കൽ ശിക്ഷയല്ല, സ്റ്റൈലാണ്’; അൻവറിന് മറുപടിയുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ
തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തല മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് നടക്കുമെന്ന ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി.വി അൻവറിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ രംഗത്തെത്തി. മൊട്ടയടിക്കുന്നത് എന്തോ വലിയ അപമാനമോ ശിക്ഷയോ ആണെന്ന രീതിയിലുള്ള സ്ഥാനാർഥിയുടെ പരാമർശം തികച്ചും തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടി. നിറത്തിന്റെയും വണ്ണത്തിന്റെയും പേരിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന രീതി മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, മൊട്ടയടിക്കുന്നതിനെ ഒരു ദുരന്തമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംഘടനയുടെ പ്രസിഡന്റും സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ സജീഷ് കുട്ടനെല്ലൂർ വ്യക്തമാക്കി.
എല്ലാം നഷ്ടപ്പെട്ട് കോഴിക്കോട് അങ്ങാടിയിലൂടെ ദയനീയമായി നടക്കുന്ന ഒരാളായി മൊട്ടത്തലയന്മാരെ ചിത്രീകരിച്ചത് ബോഡി ഷെയിമിങ്ങിന് തുല്യമാണെന്നും സജീഷ് പറഞ്ഞു. മൊട്ടയടിക്കുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം അഭിമാനമാണെന്നും കമ്മലിടുന്നത് ഒരു താഴ്ന്ന പരിപാടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുരംഗത്ത് നിൽക്കുന്നവർ സംസാരിക്കുമ്പോൾ ഇത്തരം ശാരീരിക പ്രത്യേകതകളെ പരിഹസിക്കാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നിലവിൽ 40 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം അംഗങ്ങളുള്ള വലിയൊരു കൂട്ടായ്മയാണ് മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ. തൃശൂരിലെ ഒരു സ്റ്റേജ് ഷോയ്ക്കിടെ ആകസ്മികമായി രൂപം കൊണ്ട സംഘടന ഇന്ന് വൈദികർ, ഡോക്ടർമാർ, പോലീസുകാർ, പൈലറ്റുമാർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർക്ക് ഒത്തുചേരാനുള്ള ഇടമാണ്. 24 വയസ്സുള്ളവർ മുതൽ 73 വയസ്സുള്ളവർ വരെ കൂട്ടായ്മയിലുണ്ട്. ബോഡി ഷെയിമിങ്ങിനെതിരെ ‘സ്റ്റോപ്പ് ബോഡി ഷെയിമിങ്’ കാമ്പയിനും ലഹരിക്കെതിരെ കേരള യാത്രയും സംഘടിപ്പിച്ച ഇവർ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലും സജീവമാണ്. ‘മൊട്ട ആത്മവിശ്വാസത്തിന്റെ തല’ എന്ന പേരിൽ പുസ്തകം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലുമാണ് സംഘടന.