മാനനഷ്ടക്കേസ്; 90-കാരിയോട് 20 വർഷം കാത്തിരിക്കാൻ ഹൈക്കോടതി
മുംബൈ: മാനനഷ്ടക്കേസുമായി കോടതിയെ സമീപിച്ച 90 വയസ്സുകാരിയോട് കേസ് കേൾക്കാൻ ഇനിയും 20 വർഷം കാത്തിരിക്കാൻ നിർദേശിച്ച് മുംബൈ ഹൈക്കോടതിയുടെ അസാധാരണ ഉത്തരവ്. 90 വയസ്സുള്ള തരിണിബെൻ, 57 വയസ്സുള്ള ധ്വനി ദേശായി എന്നിവർ നൽകിയ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്റെ സിംഗിൾ ബെഞ്ച് കടുത്ത നിലപാട് സ്വീകരിച്ചത്. ഈ നിയമപോരാട്ടം വെറും അഹന്തയുടെ പോരാട്ടം മാത്രമാണെന്നും ഇത് നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു. കേസ് അടുത്തതായി 2046-ന് ശേഷമുള്ള തീയതിയിൽ മാത്രമേ പരിഗണിക്കാവൂ എന്ന് ജഡ്ജി ഉത്തരവിട്ടു.
2015-ൽ ശ്യാം കോ-ഓപറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിനിടെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് 2017-ൽ ഇവർ പരാതി നൽകിയത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ വ്യവഹാരികൾ തമ്മിലുള്ള അഹന്തയുടെ പോരാട്ടം കാരണം കോടതി നടപടികളെ സ്തംഭിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണെന്ന് ജസ്റ്റിസ് ജെയിൻ പറഞ്ഞു. ഇത്തരം കേസുകൾ കാരണം യഥാർത്ഥത്തിൽ മുൻഗണന അർഹിക്കുന്ന വിഷയങ്ങൾ ഏറ്റെടുക്കാൻ കോടതിക്ക് കഴിയുന്നില്ല.
മാപ്പ് പറഞ്ഞ് തർക്കം പരിഹരിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നെങ്കിലും മാനനഷ്ടക്കേസുമായി മുന്നോട്ട് പോകാനാണ് താൽപ്പര്യമെന്ന് 90 വയസ്സുള്ള വാദി അറിയിക്കുകയായിരുന്നു. വാദി സൂപ്പർ സീനിയർ സിറ്റിസൺ ആയതുകൊണ്ട് മാത്രം കേസിന് മുൻഗണന നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 2019-ലും കഴിഞ്ഞ വർഷം മാർച്ചിലും രേഖകൾ സമർപ്പിക്കാനും അഭിഭാഷകർ ഹാജരാകാനും കോടതി അവസരം നൽകിയിട്ടും പരിഹരിക്കപ്പെടാതെ നീണ്ടുപോയ സാഹചര്യത്തിലാണ് കടുത്ത പരാമർശങ്ങളോടെ കേസ് 2046-ലേക്ക് മാറ്റിയത്.