03/05/2026
[fontresizer_tawhidurrahmandear_widget]

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി വിജയൻ

 ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ഫേസ്ബുക്ക് പ്രൊഫൈലിൽ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് ബയോയിൽ നിന്നും ‘മുഖ്യമന്ത്രി’ എന്ന ഭാഗം ഒഴിവാക്കി ‘പോളിറ്റ് ബ്യൂറോ മെമ്പർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)’ എന്ന് അദ്ദേഹം പുതുക്കി നിശ്ചയിച്ചു. ഇതിന് പുറമെ, ‘ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ് കേരള’ എന്ന പേജിൽ നിന്നും മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി പകരം സർക്കാരിന്റെ ഔദ്യോഗിക മുദ്ര നൽകുകയും ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇരുമുന്നണികളും വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതിനിടയിലാണ് ഈ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്. വരാനിരിക്കുന്ന ഫലത്തിൽ ഇടതുപക്ഷം ചരിത്രം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിന്റെ വികസന പദ്ധതികൾ എൽഡിഎഫിന് വലിയ വിജയമൊരുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപിക്ക് ഇത്തവണ ഒരു സീറ്റും ലഭിക്കില്ലെന്നും സിപിഎമ്മിനെതിരെ യുഡിഎഫ് ചട്ടുകമായി പ്രവർത്തിച്ചവർ പരാജയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എൽഡിഎഫിന്റെ ഈ അവകാശവാദങ്ങൾ വോട്ടെണ്ണൽ തുടങ്ങുന്നത് വരെ മാത്രമേ നിലനിൽക്കൂ എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പരിഹസിച്ചു. യുഡിഎഫ് ക്യാമ്പ് ഇത്തവണ വലിയ ആത്മവിശ്വാസത്തിലാണെന്നും കണ്ണൂരിൽ മാത്രം ആറ് സീറ്റുകൾ വരെ യുഡിഎഫ് പിടിച്ചെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also read: