‘ബ്രിജ് ഭൂഷന്റെ ഇരകളിൽ ഒരാൾ ഞാൻ’; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്
ന്യൂഡൽഹി: മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ താനും ഇരയാണെന്ന സുപ്രധാന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. കോടതിയുടെ പരിഗണനയിലുള്ള ക്രിമിനൽ കേസിൽ പരാതി നൽകിയ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന് ഇതാദ്യമായാണ് വിനേഷ് പരസ്യമാക്കുന്നത്. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോ സന്ദേശത്തിലൂടെയായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ.
നിയമനടപടികൾ പൂർത്തിയാകുന്നതുവരെ ഇരകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന സുപ്രീം കോടതി നിർദേശമുള്ളതിനാലാണ് ഇതുവരെ മൗനം പാലിച്ചതെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ വെളിപ്പെടുത്തലിന് നിർബന്ധിതയാക്കിയെന്നും വിനേഷ് വ്യക്തമാക്കി. 2026-ലെ ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള തന്റെ തിരിച്ചുവരവ് തടയാൻ ഗുസ്തി ഫെഡറേഷൻ ബോധപൂർവം ശ്രമിക്കുന്നുവെന്ന് താരം ആരോപിക്കുന്നു. ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബ്രിജ് ഭൂഷന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ കോളേജിൽ റാങ്കിങ് ടൂർണമെന്റുകളും ട്രയൽസുകളും നടത്താനുള്ള ഫെഡറേഷന്റെ തീരുമാനമാണ് വിനേഷിനെ പ്രകോപിപ്പിച്ചത്.
ബ്രിജ് ഭൂഷന്റെയും അനുയായികളുടെയും നിയന്ത്രണത്തിലുള്ള ഒരിടത്ത് നീതിയുക്തമായ മത്സരം അസാധ്യമാണെന്നും റഫറിമാരുടെ തീരുമാനം ഉൾപ്പെടെയുള്ളവ സ്വാധീനിക്കപ്പെടുമെന്നും വിനേഷ് ആശങ്ക പ്രകടിപ്പിച്ചു. ബ്രിജ് ഭൂഷനെ ഔദ്യോഗികമായി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും നിലവിലെ അധ്യക്ഷൻ സഞ്ജയ് സിങ്ങിലൂടെ അദ്ദേഹം ഇപ്പോഴും ഫെഡറേഷനെ നിയന്ത്രിക്കുകയാണ്. കായിക മന്ത്രാലയവും സർക്കാരും ഈ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും വിനേഷ് കുറ്റപ്പെടുത്തി.
2024 പാരീസ് ഒളിമ്പിക്സിലെ തിരിച്ചടികൾക്ക് ശേഷം 18 മാസത്തെ ഇടവേള കഴിഞ്ഞ് കരിയറിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണ് വിനേഷ്. 2023-ൽ ജന്തർ മന്തറിൽ നടന്ന ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ എന്നിവർക്കൊപ്പം വിനേഷും മുൻനിരയിലുണ്ടായിരുന്നു. നിലവിൽ വിനേഷ് ഉൾപ്പെടെയുള്ള ആറ് വനിതാ താരങ്ങൾ നൽകിയ ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യം ചെയ്യൽ തുടങ്ങിയ കുറ്റാരോപണങ്ങളിൽ ബ്രിജ് ഭൂഷനെതിരെ കോടതിയിൽ വിചാരണ തുടരുകയാണ്.