11/05/2026
[fontresizer_tawhidurrahmandear_widget]

അവിശ്വസനീയം! ഡിഎംകെ മന്ത്രി പെരിയകറുപ്പൻ തോറ്റത് വെറും ഒരു വോട്ടിന്; തിരുപ്പത്തൂരിൽ ചരിത്രമെഴുതി വിജയ്‌യുടെ ടിവികെ

 അവിശ്വസനീയം! ഡിഎംകെ മന്ത്രി പെരിയകറുപ്പൻ തോറ്റത് വെറും ഒരു വോട്ടിന്; തിരുപ്പത്തൂരിൽ ചരിത്രമെഴുതി വിജയ്‌യുടെ ടിവികെ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും എത്രത്തോളം വിലപ്പെട്ടതാണെന്ന് തെളിയിക്കുന്ന അവിശ്വസനീയമായ പോരാട്ടത്തിനാണ് ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലം സാക്ഷ്യം വഹിച്ചത്. ഡിഎംകെ സർക്കാരിലെ സഹകരണ വകുപ്പ് മന്ത്രിയും കരുത്തനായ നേതാവുമായ കെ.ആർ. പെരിയകറുപ്പനെ വെറും ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി വിജയ്‌യുടെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി സീനിവാസ സേതുപതി ആർ അട്ടിമറി വിജയം സ്വന്തമാക്കി.

വോട്ടെണ്ണലിന്റെ അവസാന നിമിഷം വരെ ആകാംക്ഷയുടെ മുനയിൽ നിർത്തിയ മത്സരത്തിൽ സീനിവാസ സേതുപതി 83,375 വോട്ടുകൾ നേടിയപ്പോൾ മന്ത്രി പെരിയകറുപ്പന് 83,374 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായാണ് ഈ ഫലം അടയാളപ്പെടുത്തുന്നത്.

തങ്ങളുടെ കന്നിപ്പോരാട്ടത്തിൽ തന്നെ തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന പ്രകടനമാണ് വിജയ്‌യുടെ ടിവികെ കാഴ്ചവെച്ചത്. ആകെ 234 മണ്ഡലങ്ങളിൽ 108 സീറ്റുകൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഭരണകക്ഷിയായ ഡിഎംകെ 59 സീറ്റുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ എഐഎഡിഎംകെ 47 സീറ്റുകളിലൊതുങ്ങി. കോൺഗ്രസ് 5 സീറ്റുകളും പിഎംകെ 4 സീറ്റുകളുമാണ് നേടിയത്.

ദ്രാവിഡ പാർട്ടികളുടെ പരമ്പരാഗത രാഷ്ട്രീയ ശൈലിയിൽ നിന്ന് മാറി ജനകീയ നേതാവ് എന്ന നിലയിലുള്ള വിജയ്‌യുടെ പ്രതിച്ഛായയും വാഗ്ദാനങ്ങളും വോട്ടർമാരെ സ്വാധീനിച്ചു. വിവാഹത്തിന് എട്ട് ഗ്രാം സ്വർണ്ണം, 60 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സഹായം, വർഷത്തിൽ 6 ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നുള്ള വാഗ്ദാനങ്ങൾ ടിവികെയുടെ വിജയത്തിൽ നിർണ്ണായകമായി. 51-കാരനായ വിജയ് നയിക്കുന്ന ടിവികെ ഈ വിജയത്തോടെ തമിഴ്‌നാട്ടിൽ പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

Also read: