11/05/2026
[fontresizer_tawhidurrahmandear_widget]

കോൺഗ്രസ് മുന്നണി വിടുകയാണെന്ന് കെ.സി വിളിച്ചുപറഞ്ഞു; ഡിഎംകെക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ലീഗ് വ്യക്തമാക്കി-ഖാദർ മൊയ്തീൻ

 കോൺഗ്രസ് മുന്നണി വിടുകയാണെന്ന് കെ.സി വിളിച്ചുപറഞ്ഞു; ഡിഎംകെക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ലീഗ് വ്യക്തമാക്കി-ഖാദർ മൊയ്തീൻ

ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് മുന്നണി വിട്ടിട്ടും ഡിഎംകെയ്‌ക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയായിരുന്നുവെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീൻ. കെ.സി വേണുഗോപാൽ ലീഗ് നേതൃത്വത്തെ വിളിച്ച് കോൺഗ്രസ് തീരുമാനം അറിയിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, ഡിഎംകെയുമായി തങ്ങൾക്കുള്ളത് വെറും രാഷ്ട്രീയബന്ധമല്ലെന്നും പ്രത്യയശാസ്ത്ര ബന്ധമാണെന്നും വ്യക്തമാക്കിയതായും ഖാദർ മൊയ്തീൻ ഒരു മലയാളം ചാനലിനോട് പറഞ്ഞു.

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിടാനുള്ള കോൺഗ്രസ് തീരുമാനം കെ.സി വേണുഗോപാൽ പി.കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചാണ് അറിയിച്ചത്. കുഞ്ഞാലിക്കുട്ടി ഈ വിവരം എന്നെയും ധരിപ്പിച്ചു. ഡിഎംകെയുമായുള്ളത് കേവലമൊരു തെരഞ്ഞെടുപ്പ് സഖ്യമല്ല, മറിച്ച് അതൊരു ആത്മബന്ധമാണ്. പ്രത്യയശാസ്ത്രപരമായ ഈ ബന്ധത്തിൽനിന്ന് പിന്നോട്ട് പോകാൻ ലീഗ് തയ്യാറല്ലെന്നും ഖാദർ മൊയ്തീൻ വ്യക്തമാക്കി.

കോൺഗ്രസ് എന്ത് തീരുമാനമെടുത്താലും മുസ്ലിം ലീഗ് ഡിഎംകെ മുന്നണിയിൽ തന്നെ തുടരും. ഇന്നലെയും ഇന്നും നാളെയും തങ്ങൾ സ്റ്റാലിനൊപ്പമായിരിക്കും. കോൺഗ്രസ് എന്തുകൊണ്ടാണ് മുന്നണി വിടാൻ തീരുമാനിച്ചതെന്ന് തനിക്ക് അറിയില്ല. അത് അവരുടെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. അതിന്റെ ശരിയും തെറ്റും അവരാണു ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ തരംഗം സൃഷ്ടിച്ച് അധികാരത്തിന് തൊട്ടരികെ എത്തിയതോടെയാണ് കോൺഗ്രസ് ഡിഎംകെ മുന്നണി വിട്ട് അവർക്കൊപ്പം ചേരാൻ തീരുമാനിച്ചത്. ഇതിനിടയിൽ ടിവികെ നേതാക്കൾ ചെന്നൈയിലെ മുസ്ലിം ലീഗ് ആസ്ഥാനത്തെത്തി ഖാദർ മൊയ്തീനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ രൂപീകരണത്തിൽ ലീഗിന്റെ പിന്തുണയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അധികാരം ലഭിച്ചാലും ഇല്ലെങ്കിലും ഡിഎംകെ സഖ്യം വിടുന്ന പ്രശ്‌നമില്ലെന്നാണ് ലീഗ് നേതൃത്വം ടിവികെ നേതാക്കളോടും വ്യക്തമാക്കിയത്.

Also read: