‘അധികാരം പോയാലും സ്റ്റാലിനൊപ്പം; ഇന്നലെയും ഇന്നും നാളെയും ഡിഎംകെയ്‌ക്കൊപ്പം തന്നെ’; മുന്നണി വിടില്ലെന്ന് മുസ്‌ലിം ലീഗ്
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ തരംഗം സൃഷ്ടിക്കുമ്പോൾ നിലപാട് വ്യക്തമാക്കി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. അധികാരം നഷ്ടപ്പെട്ടാലും എം.കെ സ്റ്റാലിനൊപ്പം തന്നെ ഉറച്ചുനിൽക്കുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. ഇന്നലെയും ഇന്നും നാളെയും തങ്ങൾ സ്റ്റാലിനൊപ്പം തന്നെയായിരിക്കും എന്നും ഡിഎംകെ മുന്നണി വിടുന്ന പ്രശ്‌നമില്ലെന്നും നേതൃത്വം വ്യക്തമാക്കി.
വിജയ്യുടെ പാർട്ടി ഭരണത്തിലേറാൻ സാധ്യത തെളിയുകയും കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ടിവികെയുമായി സഹകരിക്കാൻ നീക്കം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ലീഗിന്റെ പ്രഖ്യാപനം. ദ്രാവിഡ രാഷ്ട്രീയത്തിന്റെയും മതേതരത്വത്തിന്റെയും കാവലാളായി ഡിഎംകെയെയാണ് ലീഗ് കാണുന്നത്. കേവലം അധികാരത്തിന് വേണ്ടി മുന്നണി മാറുന്ന രാഷ്ട്രീയം ലീഗിനില്ലെന്ന് തമിഴ്നാട് ഘടകം വ്യക്തമാക്കി.
എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ മുന്നണി തമിഴ്‌നാട്ടിലെ ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടിട്ടില്ലെന്ന് ലീഗ് വിലയിരുത്തുന്നുണ്ട്. ഡിഎംകെ മുന്നണിയായി മത്സരിച്ച ലീഗ് വിജയ് സൃഷ്ടിച്ച അസാധാരണ മുന്നേറ്റത്തിനിടയിലും പതറിയില്ല. മത്സരിച്ച രണ്ട് സീറ്റുകളിലും വിജയിച്ച് മുസ്ലിം ലീഗ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ തങ്ങളുടെ സ്വാധീനം ഒരിക്കൽ കൂടി തെളിയിച്ചു. വാണിയമ്പാടി, പാപനാശം എന്നീ മണ്ഡലങ്ങളിലാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചത്.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയെങ്കിലും, തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഡിഎംകെയുമായി ചേർന്നുനിൽക്കുന്നതാണെന്നാണ് പാർട്ടി ആവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സഖ്യകക്ഷികളിൽ പലരും പുതിയ സാധ്യതകൾ തേടുമ്പോൾ, മുസ്ലിം ലീഗ് ഡിഎംകെയ്ക്ക് നൽകുന്ന ഈ പിന്തുണ വേറിട്ടുനിൽക്കുന്നു. പ്രത്യേകിച്ചും കോൺഗ്രസ് ഉൾപ്പെടെ സഖ്യം വിട്ട് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സമയത്ത്. തമിഴ്നാട്ടിൽ ദ്രാവിഡ പാർട്ടികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയുടെ സമയത്തും വിശ്വസ്തരായ സഖ്യകക്ഷിയായി ലീഗ് കൂടെയുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.