സർക്കാർ രൂപീകരണത്തിന് ലീഗിന്റെ പിന്തുണ തേടി വിജയ്‌യുടെ പാർട്ടി; ടി.വി.കെ ജനറൽ സെക്രട്ടറി ലീഗ് ആസ്ഥാനത്ത്
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിനായുള്ള കരുനീക്കങ്ങൾ സജീവമാക്കി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം(ടിവികെ). ഇതിന്റെ ഭാഗമായി ടിവികെ ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ അരുൺ രാജ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്(ഐയുഎംഎൽ) ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീനെ നേരിൽ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം ലീഗ് നേതൃത്വം തള്ളിയതായാണ് റിപ്പോർട്ടുകൾ.
ചെന്നൈയിലെ ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് മൻസിലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഡിഎംകെയുമായി അഞ്ച് പതിറ്റാണ്ടോളമായുള്ള ദീർഘകാല രാഷ്ട്രീയ ബന്ധം ചൂണ്ടിക്കാട്ടിയാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കാനാവില്ലെന്ന് ലീഗ് വ്യക്തമാക്കിയത്. തങ്ങൾ ഡിഎംകെ സഖ്യത്തിലാണെന്നും ഡിഎംകെ സ്വീകരിക്കുന്ന നിലപാട് തന്നെയാണ് തങ്ങളുടേതെന്നും ലീഗ് അധ്യക്ഷൻ ഖാദർ മൊയ്തീൻ അരുൺ രാജിനെ അറിയിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അരുൺ രാജ്, പ്രതിബന്ധങ്ങളെ അതിജീവിച്ച് വലിയ രാഷ്ട്രീയ ശക്തിയായി ടിവികെ മാറിയെന്നും സർക്കാർ രൂപീകരിക്കാൻ ഗവർണർ തങ്ങളെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഡിഎംഡികെ നേതാവ് പ്രേമലതയും വിജയ്‌യെ പിന്തുണയ്ക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഇതോടെ ഡിഎംകെ സഖ്യത്തിലുള്ള വിസികെ, സിപിഐ, സിപിഎം എന്നീ പാർട്ടികളുടെ പിന്തുണ തേടാനുള്ള നീക്കത്തിലാണ് ടിവികെ.
വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറാൻ ശ്രമിക്കുമ്പോഴും, പരമ്പരാഗത സഖ്യങ്ങൾ വിട്ടുപിടിക്കാൻ മറ്റ് പാർട്ടികൾ തയ്യാറാകാത്തത് സഖ്യസർക്കാർ രൂപീകരണ നീക്കങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. വരും ദിവസങ്ങളിൽ സഖ്യചർച്ചകളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.