‘ജനവികാരം വിഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന്’; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍
സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ)
കേരളത്തിലെ മുഖ്യമന്ത്രി ആരാകുമെന്ന് കോൺഗ്രസിനുള്ളിൽ ചർച്ച തുടരുന്നതിനിടെ വിഡി സതീശനെ പിന്തുണച്ച് സന്തോഷ് വർക്കി (ആറാട്ട് അണ്ണൻ) രംഗത്തെത്തി. വിഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നത് ജനവികാരമാണെന്ന് ചൂണ്ടിക്കാട്ടി താൻ രാഹുൽ ഗാന്ധിക്ക് ഇമെയിൽ അയച്ചതായി സന്തോഷ് വർക്കി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് അയച്ച തുറന്ന കത്തിന്റെ സ്ക്രീൻ ഷോട്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. കേരളത്തിലെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്ന വ്യക്തി എന്ന നിലയിലാണ് താൻ ഈ കത്തെഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും ഇടപെടുന്ന ഒരാളെന്ന നിലയിൽ നാട്ടിലെ ജനവികാരം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കോൺഗ്രസ് ഹൈക്കമാൻഡ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സന്തോഷ് വർക്കി കുറിച്ചു. ജനഹിതം മാനിക്കപ്പെടണമെന്നും ജനാധിപത്യം വിജയിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ആരെന്നതില്‍ തീരുമാനമറിയാന്‍ ഡല്‍ഹിയിലേക്ക് ഉറ്റുനോക്കുകയാണ് കേരളം. നിരീക്ഷകരും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയുടെ സമയം നിശ്ചയിച്ചിട്ടില്ല. പ്രശ്നപരിഹാരം സാവധാനത്തിലുണ്ടാകാനാണ് സാധ്യതയെന്നും കേരളത്തിലെ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം. രാഹുൽ ഗാന്ധി ഇന്ന് ഹരിയാനയിലെ പൊതുപരിപാടികളിൽ പങ്കെടുക്കും. അതിനിടെ മൂന്ന് നേതാക്കളെയും പിന്തുണയ്ക്കുന്നവർ ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.