11/05/2026
[fontresizer_tawhidurrahmandear_widget]

വിജയ് ഇനി ജനനായകൻ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 വിജയ് ഇനി ജനനായകൻ; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ ആർ.വി. ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെയും തൃശയടക്കമുള്ള തമിഴ് സിനിമയിലെ പ്രമുഖരുടെയും സാന്നിധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി.

തിരഞ്ഞെടുപ്പിന് പിന്നാലെ അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് സർക്കാർ രൂപീകരണത്തിനുള്ള കേവലഭൂരിപക്ഷം വിജയ് ഉറപ്പാക്കിയത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെക്ക്, കേവലഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യ മറികടക്കാൻ മറ്റ് പാർട്ടികളുടെ പിന്തുണ തേടേണ്ടി വന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ നിർണ്ണായക നീക്കത്തിലൂടെ കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2) എന്നിവർക്ക് പുറമെ വിസികെ, മുസ്‌ലിം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണയും വിജയ് ഉറപ്പിച്ചു. ഇതോടെ സഖ്യത്തിന്റെ ആകെ അംഗബലം 120 ആയി ഉയർന്നു.

മെയ് 13-നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ നിർദ്ദേശിച്ചിട്ടുണ്ട്. വിജയ്ക്കൊപ്പം എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, ആധവ് അർജുന, വെങ്കട്ട് രാമൻ, നിർമൽ കുമാർ തുടങ്ങിയവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഈ മന്ത്രിസഭയിലെ മറ്റൊരു ചരിത്രപരമായ മാറ്റം കോൺഗ്രസിന്റെ പങ്കാളിത്തമാണ്. 1967-ന് ശേഷം ആദ്യമായാണ് തമിഴ്‌നാട്ടിൽ കോൺഗ്രസ് അംഗങ്ങൾ മന്ത്രിസഭയുടെ ഭാഗമാകുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിക്ക് തന്നെ വിജയിന്റെ നേതൃത്വത്തിൽ ആദ്യ കാബിനറ്റ് യോഗം ചേരും. തമിഴ് വെള്ളിത്തിരയിലെ ‘ദളപതി’ ഇനി തമിഴകത്തിന്റെ ഭരണാധികാരിയായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് അണികളും ആരാധകരും.

Also read: