‘ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വി.ഡി. സതീശന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ച മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ തിരുവനന്തപുരത്തെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ജോസഫ് വാഴയ്ക്കൻ, അൻവർ സാദത്ത്, വി.ടി. ബൽറാം തുടങ്ങിയ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇരുവരും മാത്രമായി സ്വകാര്യ സംഭാഷണവും നടത്തി. ഏകദേശം അരമണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട നേതാക്കൾ, തങ്ങൾ തമ്മിൽ യാതൊരുവിധ പ്രശ്‌നങ്ങളുമില്ലെന്നും സഹോദരങ്ങളെപ്പോലെയാണെന്നുമാണ് പ്രതികരിച്ചത്.
പാർട്ടി തീരുമാനത്തെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നുവെന്നും മുന്നോട്ട് പോകുന്നതിന് മുന്നിൽ യാതൊരുവിധ ഉപാധികളൊന്നുമില്ലെന്നും രമേശ് ചെന്നിത്തല അറിയിച്ചെങ്കിലും, അദ്ദേഹത്തിന് പുതിയ മന്ത്രിസഭയിൽ സ്ഥാനം നൽകുമോ എന്ന ചോദ്യത്തോട് വ്യക്തമായി പ്രതികരിക്കാൻ ഇരുവരും തയാറായില്ല. എല്ലാ കാര്യങ്ങളും കോൺഗ്രസ് പാർട്ടി യഥാസമയം തീരുമാനിക്കുമെന്ന മറുപടിയോടെ അവർ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. ഈ സന്ദർശനം ഇരു പക്ഷങ്ങളും തമ്മിലുള്ള ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനുള്ള ശക്തമായ നീക്കമായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. മഞ്ഞുരുകി തുടങ്ങിയെന്ന് പറയാമെങ്കിലും ചെന്നിത്തല ഇപ്പോഴും പൂർണ്ണ തൃപ്‌തനല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും കടുത്ത വടംവലികൾക്കുമൊടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിൽ കടുത്ത അതൃപ്തിയുള്ള രമേശ് ചെന്നിത്തല പാർലമെന്ററി പാർട്ടി യോഗം ബഹിഷ്കരിച്ച് ഗുരുവായൂരിലേക്ക് പോയിരുന്നു. എന്നാൽ പാർട്ടി എടുത്ത ഔദ്യോഗിക തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നതായാണ് ഗുരുവായൂരിൽ വച്ച് ഇന്ന് പുലർച്ചെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലും ചെന്നിത്തല വ്യക്തമാക്കിയത്.