കെഎസ്ആർടിസിയിൽ 20 രൂപ അധികം നൽകിയാൽ ഇഷ്ടമുള്ള സ്റ്റോപ്പിൽ ഇറങ്ങാം; കയറാം
കൊല്ലം: കെഎസ്ആർടിസി സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാർക്കായി പുതിയ സൗകര്യം. ടിക്കറ്റ് നിരക്കിന് പുറമെ 20 രൂപ അധികം നൽകിയാൽ ബസ് റൂട്ടിലെ ഇഷ്ടമുള്ള ഏത് ചെറിയ സ്റ്റോപ്പിൽ നിന്നും യാത്രക്കാർക്ക് കയറാനും ഇറങ്ങാനും സാധിക്കും. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രധാന സ്റ്റോപ്പുകളിൽ നിന്ന് മാത്രമേ നിലവിൽ യാത്ര തുടങ്ങാനും അവസാനിക്കാനും അനുവാദമുള്ളൂ. ഇതിനാണ് ഇപ്പോൾ മാറ്റം വരുന്നത്.
ഈ അധിക തുക ഓൺലൈനായി തന്നെ അടയ്ക്കാം. കണ്ടക്ടറുടെ ചാർട്ടിൽ ഈ വിവരം ലഭ്യമാകുമെന്നതിനാൽ, യാത്രക്കാരെ വിളിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. കൊല്ലത്തെ അഞ്ച് എസി ലോ ഫ്ലോർ ബസുകളിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. ടിക്കറ്റ് റിസർവേഷൻ സൗകര്യമുള്ള എല്ലാ ബസുകളിലേക്കും സേവനം വ്യാപിപ്പിക്കും. പ്രധാന സ്റ്റോപ്പുകളിലേക്ക് ഓട്ടോയും മറ്റും പിടിച്ച് യാത്രക്കാർ നെട്ടോട്ടമോടുന്നത് ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കും.