അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി ഹൈക്കോടതി
കൊച്ചി: അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട മർദനമേറ്റ് മധു എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തി. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബം നൽകിയ അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ നിർണായക നടപടി.
പ്രതികൾക്കുമേൽ പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ കുറ്റങ്ങൾ കൂടി ചുമത്തിയാണ് ഹൈക്കോടതി ശിക്ഷ ഉയർത്തിയത്. വിചാരണ കോടതി ഏഴുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ഇവർക്ക് നേരത്തെ വിധിച്ചിരുന്നത്. കൂടാതെ, വിചാരണ കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ച 16-ാം പ്രതി മുനീറിന്റെ ശിക്ഷ ഒരു വർഷം തടവായും കോടതി ഉയർത്തി.
അതേസമയം, കേസിൽ കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടി ഒന്നാം പ്രതി താവളം പാക്കുളം മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടു. നാലാം പ്രതിയെയും 11-ാം പ്രതിയെയും വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു.
മരക്കാർ (രണ്ടാം പ്രതി), ഷംസുദ്ദീൻ (മൂന്നാം പ്രതി), രാധാകൃഷ്ണൻ (അഞ്ചാം പ്രതി), അബൂബക്കർ (ആറാം പ്രതി), സിദ്ധിഖ് (ഏഴാം പ്രതി), ഉബൈദ് (എട്ടാം പ്രതി), നജീബ് (9-ാം പ്രതി), ജൈജുമോൻ (10-ാം പ്രതി), സജീവ് (12-ാം പ്രതി), സതീഷ് (13-ാം പ്രതി), ഹരീഷ് (14-ാം പ്രതി), ബിജു (15-ാം പ്രതി) എന്നിവർക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.
2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ വെച്ച് മോഷണക്കുറ്റമാരോപിച്ച് ഒരുസംഘം മധുവിനെ കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കിയത്. തുടർന്ന് അഗളി പോലീസിന് കൈമാറിയ മധു, സ്റ്റേഷനിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു. വിചാരണ കോടതി 14 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി 2023 ഏപ്രിൽ അഞ്ചിനാണ് ശിക്ഷ വിധിച്ചിരുന്നത്. നിലവിൽ ഒന്നാം പ്രതിയെ കൂടി വെറുതെവിട്ടതോടെ ആകെ കുറ്റക്കാരായ പ്രതികളുടെ എണ്ണം 13 ആയി മാറി. പ്രതികളും മധുവിന്റെ കുടുംബവും നൽകിയ അപ്പീലുകളിലാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.