പത്മനാഭസ്വാമി ക്ഷേത്രത്തിലും സ്വർണമോഷണം; 78 ഗ്രാം സ്വർണവും വൈരനാമയും കാണാനില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: പ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണവും വജ്രാഭരണവും കാണാതായതായി പൊലീസ് റിപ്പോർട്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള നിധിശേഖരമുള്ള ക്ഷേത്രത്തിൽ നിന്ന് ഇടയ്ക്കിടെ അമൂല്യവസ്തുക്കൾ കാണാതാകുന്നത് അതിഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി (ഡിജിപി) ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ഇന്റലിജൻസ് മേധാവി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ ഈ നടപടി. ഇത് സംബന്ധിച്ച കത്തിന്റെ പകർപ്പ് ഒരു മലയാള മാധ്യമം പുറത്തുവിട്ടു.
ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന ‘വൈര നാമ’ എന്ന അമൂല്യ വജ്രാഭരണം കുറച്ചുനാളുകളായി കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ആറുമാസം മുൻപ് അറ്റകുറ്റപ്പണിക്കായി ഇത് കൊണ്ടുപോയെന്നാണ് രേഖകളിലുള്ളത്. കൂടാതെ, ഭക്തർ വഴിപാടായി നൽകിയ സ്വർണത്തിൽ 78 ഗ്രാമോളം കുറവുണ്ടെന്നും, അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണവിളക്ക് ആറുമാസം കഴിഞ്ഞിട്ടും തിരികെ എത്തിച്ചിട്ടില്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ സംരക്ഷണത്തിന് കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും വെള്ളിയും ഉടൻ തന്നെ സ്ട്രോങ് റൂമിലേക്ക് മാറ്റണം. ഭക്തർ നൽകുന്ന സംഭാവനകൾ ലോക്കറിലേക്ക് മാറ്റി പൊലീസ് കാവൽ ഏർപ്പെടുത്തണമെന്നും, സുരക്ഷാ പരിശോധന കൂടാതെ ഒരാളെപ്പോലും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കരുതെന്നും നിർദേശമുണ്ട്. ഈ ശുപാർശകളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് നടപടിയെടുക്കണമെന്നും പൊലീസ് ആവശ്യപ്പെടുന്നു.