04/06/2026
[fontresizer_tawhidurrahmandear_widget]

‘തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ട്,എസ്.ഐ.ആർ ഭരണഘടനയ്ക്ക് ജീവൻ നൽകുന്നു’; തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

 ‘തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ട്,എസ്.ഐ.ആർ ഭരണഘടനയ്ക്ക് ജീവൻ നൽകുന്നു’; തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡൽഹി: വോട്ടർപ്പട്ടിക പുതുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (എസ്.ഐ.ആർ) സുപ്രീം കോടതിയുടെ പൂർണ്ണ അംഗീകാരം. വോട്ടർ പട്ടിക പരിഷ്കരിക്കാൻ കമ്മീഷന് ഭരണഘടനാപരമായി അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കൃത്യവും സമഗ്രവുമായ വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായ എസ്.ഐ.ആർ ഭരണഘടനയ്ക്ക് ജീവൻ നൽകുന്ന നടപടിയാണെന്നും, കമ്മീഷന്റെ ഈ നീക്കം യാതൊരുവിധ നിയമങ്ങളെയോ ഭരണഘടനാ വ്യവസ്ഥകളെയോ ലംഘിക്കുന്നില്ലെന്നും സുപ്രീം കോടതി വിധിച്ചു.

ജനപ്രാതിനിധ്യ നിയമത്തിലെ 21(3) വകുപ്പ് പ്രകാരമുള്ള ചട്ടങ്ങൾ കർശനമായി പാലിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചത്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയും, സമഗ്രതയും, വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനും പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഇടയിൽ കൃത്യമായ സന്തുലനം നിലനിർത്താൻ കമ്മീഷന് സാധിച്ചിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ഭരണഘടനാപരമായ ലക്ഷ്യം കൈവരിക്കാൻ ഇത്തരം പരിഷ്കരണ നടപടികൾ അനിവാര്യമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കമ്മീഷന്റെ നടപടിക്രമങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് സുപ്രീം കോടതി ഉന്നയിച്ച നാല് പ്രധാന ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്.

വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ഒഴിവാക്കപ്പെടുന്നത് അയാൾക്ക് പൗരത്വം നഷ്ടമാകുന്നതിന്റെ ലക്ഷണമല്ലെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി. വോട്ടർ പട്ടികയിലെ ഒഴിവാക്കലുകൾ നിയമവിരുദ്ധമല്ല. വോട്ടർ പട്ടികയുടെ കൃത്യതയ്ക്കായി പൗരത്വത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷന് അധികാരമുണ്ടെങ്കിലും, ഒരാളുടെ പൗരത്വത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കമ്മീഷന് കഴിയില്ല. ഒഴിവാക്കപ്പെട്ടവർ പിന്നീട് ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുകയാണെങ്കിൽ അവരുടെ പേര് വീണ്ടും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചു. എസ്.ഐ.ആർ എന്നത് പിൻവാതിലിലൂടെയുള്ള പൗരത്വ പരിശോധനയാണെന്ന് ആരോപിച്ച് ഹർജിക്കാരും പ്രതിപക്ഷവും ഉയർത്തിയ വാദങ്ങൾ സുപ്രീം കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു.

എസ്.ഐ.ആർ നടപടികളുടെ മൂന്നാം ഘട്ടം ആരംഭിച്ചതിന് പിന്നാലെ വന്ന ഈ സുപ്രധാന വിധി തെരഞ്ഞെടുപ്പ് കമ്മീഷന് വലിയ ആശ്വാസമാണ് നൽകുന്നത്. ഈ പ്രക്രിയയിൽ ജനങ്ങൾക്ക് പങ്കെടുക്കാനും തിരുത്തലുകൾ വരുത്താനും പരാതികൾ പരിഹരിക്കാനുമുള്ള നിരവധി അവസരങ്ങളുണ്ടെന്നും, വോട്ടർ പട്ടിക പുതുക്കുന്നതിനായി ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ പരിഗണിക്കണമെന്ന ഉത്തരവ് നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ബീഹാറിൽ തുടക്കമിട്ട എസ്.ഐ.ആർ പരീക്ഷണം ഇപ്പോൾ കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പൂർത്തിയായിട്ടുണ്ട്. ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് പുരോഗമിക്കുകയാണ്.

Also read: