11/05/2026
[fontresizer_tawhidurrahmandear_widget]

സിപിഎം കോട്ടകൾ തകർത്ത് യുഡിഎഫ് വിസ്മയം; 103 കടന്ന് മുന്നേറ്റം

 സിപിഎം കോട്ടകൾ തകർത്ത് യുഡിഎഫ് വിസ്മയം; 103 കടന്ന് മുന്നേറ്റം

തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 103 സീറ്റുകളിൽ വ്യക്തമായ ലീഡ് നിലനിർത്തി യുഡിഎഫ് അധികാരം ഉറപ്പിച്ചു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച പോരാട്ടത്തിൽ എൽഡിഎഫിന്റെ ലീഡ് 35 സീറ്റുകളിൽ താഴെയായി ചുരുങ്ങി. രണ്ട് സീറ്റുകളിൽ എൻഡിഎ വിജയം നേടി.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫിന്റെ അഡ്വ. വിപി അബ്ദുൾ റഷീദ് ആദ്യ അഞ്ച് റൗണ്ടുകളിൽ മുഖ്യമന്ത്രിയെ പിന്നിലാക്കിയത് സിപിഎമ്മിനെ ഞെട്ടിച്ചു. ഏഴാം റൗണ്ടിൽ മാത്രമാണ് പിണറായിക്ക് ലീഡ് പിടിക്കാനായത്. തൃത്താലയിൽ മന്ത്രി എം.ബി രാജേഷിനെ 8,385 വോട്ടുകൾക്ക് പരാജയപ്പെടുത്തി വി.ടി ബൽറാം മണ്ഡലം തിരിച്ചുപിടിച്ചു. പാലക്കാട് എൻഡിഎയുടെ കരുത്തയായ ശോഭ സുരേന്ദ്രനെ 12,000 വോട്ടുകൾക്ക് പരാജയപ്പെടുത്തി നടൻ രമേശ് പിഷാരടി അട്ടിമറി വിജയം നേടി.

വൈപ്പിനിൽ ടോണി ചമ്മണി (15,648 വോട്ട്), ഇരവിപുരത്ത് വിഷ്ണു മോഹൻ (8,803 വോട്ട്), കൊടുവള്ളിയിൽ പി.കെ ഫിറോസ് (36,682 വോട്ട്), ചങ്ങനാശ്ശേരിയിൽ വിനു ജോബ് (55,991 വോട്ട്) എന്നിവർ യുഡിഎഫിനായി മികച്ച വിജയം നേടി. ചവറയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ റോഷി അഗസ്റ്റിനെ വീഴ്ത്തി റോയ് കെ പൗലോസും ജയിച്ചുകയറി. മൂവാറ്റുപുഴയിൽ 42,829 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷത്തിലാണ് മാത്യു കുഴൽനാടൻ വിജയിച്ചത്.

മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തി യുഡിഎഫിന്റെ എ.കെ.എം അഷ്റഫ് (32,302 വോട്ട്) വിജയം ആവർത്തിച്ചു. അതേസമയം നേമം മണ്ഡലം തിരിച്ചുപിടിച്ച് രാജീവ് ചന്ദ്രശേഖർ. ബേപ്പൂരിൽ പി.എ മുഹമ്മദ് റിയാസും, മലമ്പുഴയിൽ എ. പ്രഭാകരനും, തലശ്ശേരിയിൽ കാരായി രാജനും എൽഡിഎഫിനായി വിജയിച്ചു. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ എന്നിവിടങ്ങളിൽ പാർട്ടി വിട്ട് യുഡിഎഫ് സ്വതന്ത്രരായി മത്സരിച്ചവർ മുന്നേറുന്നത് എൽഡിഎഫിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. അഴീക്കോട് കെ.വി സുമേഷ് എൽഡിഎഫ് ജയിച്ചു.

സംസ്ഥാനത്ത് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ 8.30നാണ് എണ്ണുക. ആദ്യ ഫല സൂചനകൾ പ്രകാരം 66 സീറ്റുമായി യുഡിഎഫ് വൻ കുതിപ്പാണ് തുടരുന്നത്. എൽഡിഎഫ് 47 ഇടത്ത് മുന്നിട്ടുനിൽക്കുമ്പോൾ എൻഡിഎ മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.

കനത്ത സുരക്ഷാ വലയത്തിൽ രാവിലെ ആറരയോടെയാണ് സ്ട്രോങ് റൂമുകൾ തുറന്നത്. വോട്ടെടുപ്പ് പൂർത്തിയായി 25 ദിവസത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ജനവിധി പുറത്തുവരുന്നത്. ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്നും 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്താമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. തിരുവനന്തപുരത്തെ ഇന്ദിര ഭവനിൽ ഇതിനോടകം തന്നെ വലിയ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.

അതേസമയം, എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെച്ച് കേരള ചരിത്രത്തിൽ ആദ്യമായി മൂന്നാം തവണയും പിണറായി സർക്കാർ അധികാരമുറപ്പിക്കുമെന്ന ആവേശത്തിലാണ് എൽഡിഎഫ്. നിലവിൽ പിന്നിലാണെങ്കിലും വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങുന്നതോടെ ചിത്രം മാറുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടൽ. മേയ് ആറിന് സെക്രട്ടറിയേറ്റ് ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി.

ശക്തമായ ത്രികോണ മത്സരം നടന്ന മുപ്പതോളം മണ്ഡലങ്ങളിലെ ഫലങ്ങൾ ഇത്തവണ നിർണായകമാകും. എൻഡിഎ മൂന്നിടത്ത് ലീഡ് ചെയ്യുന്നത് ഇരു മുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉച്ചയോടെ 140 മണ്ഡലങ്ങളിലെയും പൂർണരൂപം പുറത്തുവരുന്നതോടെ അടുത്ത അഞ്ചുവർഷം കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. കേരളത്തിനൊപ്പം തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെയും വോട്ടെണ്ണൽ ഇന്ന് നടക്കുന്നുണ്ട്.

Also read: