വെള്ളാപ്പള്ളിക്ക് മുന്നിൽ കൈകൂപ്പി അനുഗ്രഹം തേടി മന്ത്രി ബിന്ദു കൃഷ്ണ
കോട്ടയം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി സംസ്ഥാന വനിതാ-ശിശുക്ഷേമ, തൊഴിൽ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അനുഗ്രഹം തേടി. മന്ത്രി വെള്ളാപ്പള്ളിയുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നതിന്റെയും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതിന്റെയും ചിത്രങ്ങൾ വെള്ളാപ്പള്ളി നടേശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.
മന്ത്രിയുമായി സാമൂഹിക, സാംസ്‌കാരിക, വികസന വിഷയങ്ങൾ ദീർഘനേരം ചർച്ച ചെയ്തതായും പൊതുപ്രവർത്തന രംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ മന്ത്രിക്ക് വിജയാശംസകൾ നേരുന്നതായും വെള്ളാപ്പള്ളി ഫേസ്ബുക്കിൽ കുറിച്ചു. ജനകീയ വിഷയങ്ങളിൽ മന്ത്രി കാഴ്ചവയ്ക്കുന്ന പ്രവർത്തന മികവ് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മന്ത്രിയുടെ ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. വിദ്വേഷ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളിയെ കൂടെനിർത്തിയതിനെതിരെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിയതെന്നും മന്ത്രി ബിന്ദു കൃഷ്ണ അത് മറക്കരുതെന്നുമാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.