കൂട്ടക്കൊഴിഞ്ഞുപോക്കിനിടെ തൃണമൂലിൽ കടുത്ത നടപടി; രണ്ട് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധികൾ രൂക്ഷമാകുന്നു. പാർട്ടിയിൽ നിന്നും നേതാക്കളുടെ വ്യാപകമായ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെ രണ്ട് എംഎൽഎമാരെ കൂടി നേതൃത്വം അടിയന്തരമായി പുറത്താക്കി. സന്ദീപൻ സാഹ, ഋതപ്രത ബാനർജി എന്നീ എംഎൽഎമാർക്കെതിരെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി അധ്യക്ഷ മമത ബാനർജി കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്.
പാർട്ടി നേതൃത്വം വിളിച്ചുചേർത്ത സുപ്രധാന യോഗങ്ങളിൽ നിന്ന് ബോധപൂർവ്വം വിട്ടുനിൽക്കുകയും, തൃണമൂൽ കോൺഗ്രസിന്റെ അടിസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പരസ്യ പ്രസ്താവനകൾ നടത്തുകയും ചെയ്തതാണ് ഇരുവർക്കുമെതിരെയുള്ള നടപടിക്ക് കാരണം. ഇത് വ്യക്തമാക്കി പാർട്ടിയുടെ വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട പുറത്താക്കൽ നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഞായറാഴ്ച വിളിച്ചുചേർത്തിരുന്ന പുതിയ തൃണമൂൽ എംഎൽഎമാരുടെ യോഗം ഭൂരിഭാഗം ജനപ്രതിനിധികളും പങ്കെടുക്കാത്തതിനെ തുടർന്ന് റദ്ദാക്കേണ്ടി വന്നിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് പ്രതിസന്ധി രൂക്ഷമാക്കി അച്ചടക്ക നടപടിയും ഉണ്ടായിരിക്കുന്നത്.
ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, പാർട്ടി എംപി കല്യാൺ ബാനർജി എന്നിവർക്കെതിരെ അടുത്തിടെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഞായറാഴ്ചത്തെ യോഗം വിളിച്ചുചേർത്തത്. എന്നാൽ, ആകെയുള്ള 80 എംഎൽഎമാരിൽ കേവലം 20 പേർ മാത്രമാണ് ഇതിൽ പങ്കെടുത്തത്. അതേസമയം, നേതാക്കളുടെ ഈ വിട്ടുനിൽക്കൽ വലിയ ചർച്ചയായതോടെ, മുൻകൂട്ടി നിശ്ചയിച്ച മറ്റ് പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാൻ പോയതിനാലാണ് എംഎൽഎമാർ യോഗത്തിന് എത്താതിരുന്നതെന്നാണ് പാർട്ടിയുടെ ഔദ്യോഗിക വിശദീകരണം.