‘ഇറാനിലുള്ള ഇന്ത്യക്കാർ ഉടൻ രാജ്യം വിടണം’; അടിയന്തര നിർദേശവുമായി തെഹ്റാനിലെ ഇന്ത്യൻ എംബസി
തെഹ്‌റാൻ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ യാത്രാ നിർദേശവുമായി തെഹ്റാനിലെ ഇന്ത്യൻ എംബസി. നിലവിൽ ഇറാനിലുള്ളവർ ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്ന് എംബസി ആവശ്യപ്പെട്ടു. കൂടാതെ, ഇന്ത്യൻ പൗരന്മാർ ഇറാനിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് എംബസി ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രാ ഉപദേശം പുതുക്കിയിരിക്കുന്നത്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ മുൻപ് നൽകിയ മുന്നറിയിപ്പുകൾ എംബസി വീണ്ടും ആവർത്തിക്കുകയായിരുന്നു. നിലവിലുള്ള സാഹചര്യങ്ങൾ മുൻനിർത്തി ജാഗ്രത പാലിക്കണമെന്നും, യാത്രാ പദ്ധതികളെക്കുറിച്ച് എംബസിയുമായി നിരന്തരം ഏകോപനം നടത്തണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
“മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് എല്ലാ ഇന്ത്യൻ പൗരന്മാർക്കും എംബസി നേരത്തെ നൽകിയിരുന്ന ഉപദേശം ആവർത്തിക്കുന്നു,” എന്ന് എംബസി തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ അറിയിച്ചു.
മേഖലയിലെ സുരക്ഷാ ആശങ്കകളും സങ്കീർണമായ സാഹചര്യങ്ങളും കണക്കിലെടുത്ത് സമീപ മാസങ്ങളിലായി നിരവധി നിർദേശങ്ങളാണ് തെഹ്റാനിലെ ഇന്ത്യൻ മിഷൻ പുറപ്പെടുവിച്ചിട്ടുള്ളത്. ഇറാനിലെ സ്ഥിതിഗതികൾ ഇന്ത്യ അതീവ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, പൗരന്മാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും അധികൃതർ വ്യക്തമാക്കി.