12/06/2026
[fontresizer_tawhidurrahmandear_widget]

യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ മരിച്ച സംഭവം; അനുശോചനം പോലും രേഖപ്പെടുത്താതെ പ്രധാനമന്ത്രി

 യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ മരിച്ച സംഭവം; അനുശോചനം പോലും രേഖപ്പെടുത്താതെ പ്രധാനമന്ത്രി

ന്യൂഡൽഹി: ഹോർമുസിൽ യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ അനുശോചനം പോലും അറിയിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൂൺ 8നാണ് 24 ഇന്ത്യക്കാരടക്കം ആകെ 28 ജീവനക്കാരുണ്ടായിരുന്ന എണ്ണക്കപ്പൽ യുഎസ് സൈന്യം ആക്രമിക്കുന്നത്. ഒമാൻ വ്യോമസേനയുടെ സഹായത്തോടെ 21 ഇന്ത്യക്കാരെ രക്ഷിച്ചിരുന്നു. കാണാതായ മൂന്ന് പേരുടെ മരണം കഴിഞ്ഞ ദിവസമാണ് ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചത്.

പലാവു പതാകയേന്തിയ ‘എംടി സെറ്റബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. തങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കപ്പൽ എൻജിൻ റൂമിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. ഈ ആക്രമണത്തെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും ഷിപ്പിംഗ് മന്ത്രാലയവും ശക്തമായി അപലപിച്ചു. സാധാരണക്കാരുടെ ജീവനും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുന്ന ഇത്തരം സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിലെ യുഎസ് ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.

എന്നാൽ ഈ സംഭവത്തിൽ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന നേട്ടം ആഘോഷിക്കുകയാണ് അദ്ദേഹമെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ നരേന്ദ്ര മോദിയുടെ ഔദ്യോഗിക അക്കൗണ്ടുകൾ ഇപ്പോഴും തൻ്റെ നേട്ടത്തിന് ലഭിച്ച അഭിനന്ദനങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്നും എന്നാൽ ഈ വിഷയം പ്രധാനമന്ത്രി അവഗണിക്കുകയാണെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ആഗോള തലത്തിൽ കപ്പൽ ജീവനക്കാരിൽ വലിയൊരു പങ്കുവഹിക്കുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷ ഉറപ്പാക്കാനും, യുഎസ്-ഇറാൻ തർക്കങ്ങൾക്കിടയിൽ നയതന്ത്രപരമായ നിലപാടുകൾ സൂക്ഷ്മമായി കൈകാര്യം ചെയ്യാനുമാണ് നിലവിൽ ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ ഏതാനും ദിവത്തിനിടെ ഇന്ത്യൻ നാവികർ ഉൾപ്പെട്ട മൂന്നാമത്തെ കപ്പലാണ് യുഎസ് ആക്രമിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

Also read: