‘ഇത് ഞങ്ങളുടെ സംസ്കാരമാണ്’; ലോകകപ്പ് മത്സരത്തിന് പിന്നാലെ ഗാലറി വൃത്തിയാക്കി കൈയടി നേടി ജപ്പാൻ ആരാധകർ
ന്യൂയോർക്ക്: ലോകകപ്പ് ഫുട്ബാളിൽ നെതർലൻഡ്‌സിനെതിരായ ആവേശകരമായ മത്സരത്തിന് പിന്നാലെ ഗാലറി വൃത്തിയാക്കി വീണ്ടും കായികലോകത്തിന്റെ ഹൃദയം കീഴടക്കി ജപ്പാൻ ആരാധകർ. ടെക്‌സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് പോരാട്ടം 2-2 സമനിലയിൽ അവസാനിച്ചതിന് പിന്നാലെയാണ് ഗാലറിയിലെ മാലിന്യങ്ങൾ നീക്കം ചെയ്‌ത് ജപ്പാൻ ആരാധകർ ലോകത്തിന് മികച്ചൊരു മാതൃകയായത്.
മത്സരശേഷം തങ്ങൾ ഇരുന്ന ഭാഗത്തെ മാലിന്യങ്ങൾ കവറുകളിലാക്കി മാറ്റുന്ന ജപ്പാൻ ആരാധകരുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനായ ഫിഫ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരിൽ നിന്നും വലിയ പ്രശംസയാണ് ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗാലറി വൃത്തിയാക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് തങ്ങളുടെ സംസ്കാരമാണെന്നാണ് ഒരു ജപ്പാൻ ആരാധകൻ മറുപടി നൽകിയത്. കളിക്കാരോടും ആരാധകരോടും ഒപ്പം ഈ സ്റ്റേഡിയത്തോടുമുള്ള ബഹുമാനമാണിതെന്നും, ഇവിടെ വരാൻ കഴിഞ്ഞതിൽ അതിയായി അഭിമാനിക്കുന്നതിനാൽ ഇവിടം മാലിന്യം വലിച്ചെറിഞ്ഞ് വൃത്തികേടാക്കി മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും ആ ആരാധകൻ വ്യക്തമാക്കി.
ലോകകപ്പുകളിലും ഒളിമ്പിക്സിലും ഉൾപ്പെടെയുള്ള വലിയ കായിക മേളകളിൽ ജപ്പാൻ ആരാധകർ സ്റ്റേഡിയം വൃത്തിയാക്കുന്നത് കായികലോകത്തിന് പുതിയ കാഴ്‌ചയല്ല. 1998-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിലാണ് ഈ പ്രവർത്തി ആദ്യമായി വലിയ രീതിയിൽ ലോകശ്രദ്ധ നേടുന്നത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തങ്ങളുടെ ടീം പുറത്തായിട്ടും ഗാലറി വൃത്തിയാക്കിയ ശേഷമാണ് ജപ്പാൻ ആരാധകർ മടങ്ങിയത്. പിന്നീട് 2022-ൽ ഖത്തർ ലോകകപ്പിൽ കരുത്തരായ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അട്ടിമറിച്ച് ചരിത്രവിജയം നേടിയതിന് ശേഷവും ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻ ആരാധകരുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ഗാലറിയിലെന്നപോലെ കളിക്കളത്തിലും മികച്ച പോരാട്ടവീര്യമാണ് ജപ്പാൻ ടീം കാഴ്ചവെച്ചത്. രണ്ടുതവണ പിന്നിൽ പോയ ശേഷമാണ് നെതർലൻഡ്‌സിനെതിരെ അവർ സമനില പിടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കിലൂടെ നെതർലൻഡ്‌സാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ നകാമുറയിലൂടെ ജപ്പാൻ ഒപ്പമെത്തി. പിന്നീട് അറുപത്തിനാലാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെ ഡച്ച് പടയ്ക്ക് വീണ്ടും ലീഡ് നൽകിയെങ്കിലും, എൺപത്തിയെട്ടാം മിനിറ്റിൽ ദൈചി കമാഡ നേടിയ നാടകീയ ഗോളിലൂടെ ജപ്പാൻ വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കുകയായിരുന്നു. ഗ്രൂപ്പ് എഫിൽ ഇരുടീമുകളും ഓരോ പോയിൻ്റ് വീതം പങ്കിട്ടെങ്കിലും, കളത്തിന് പുറത്തെ തങ്ങളുടെ മികച്ച മാതൃകയിലൂടെ ജപ്പാൻ ആരാധകർ ഈ ലോകകപ്പിലെ യഥാർത്ഥ താരങ്ങളായി മാറിക്കഴിഞ്ഞു.