‘ദൃഢം, ഭൂതകാലം എന്നീ സിനിമകൾ എൻ്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയത്’; ഗുരുതര ആരോപണവുമായി ആർ. ശ്രീലേഖ
തിരുവനന്തപുരം: ഷെയ്ൻ നിഗം നായകനായെത്തിയ ‘ദൃഢം’, ‘ഭൂതകാലം’ എന്നീ സിനിമകൾ തൻ്റെ കഥകൾ മോഷ്ടിച്ച് നിർമ്മിച്ചതാണെന്ന ഗുരുതര ആരോപണവുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് അവർ ഈ വെളിപ്പെടുത്തൽ നടത്തിയത്. ‘ഭൂതകാലം’ എന്ന ചിത്രത്തിൻ്റെ തലക്കെട്ടിൽപ്പോലും തൻ്റെ കഥയുമായി സാമ്യമുണ്ടെന്നും, ‘ഭൂതഭവനം’ എന്നായിരുന്നു തൻ്റെ കഥയ്ക്ക് നൽകിയ പേരെന്നും ശ്രീലേഖ വ്യക്തമാക്കുന്നു. തൻ്റെ യൂട്യൂബ് ചാനലിലെ വീഡിയോകളുടെ ലിങ്കുകൾ സഹിതമാണ് അവർ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
യാദൃശ്ചികമായാണ് താൻ ‘ദൃഢം’ എന്ന സിനിമ കണ്ടതെന്നും ഒരു പോലീസ് കഥയായതിനാലാണ് അത് കാണാൻ സമയം കണ്ടെത്തിയതെന്നും അവർ പോസ്റ്റിൽ പറയുന്നു. വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തൻ്റെ ‘കരിങ്കുടി പോലീസ് സ്റ്റേഷൻ’ എന്ന ചെറുകഥയാണ് ഈ സിനിമയുടെ മൂലകഥയായി മാറ്റിയിരിക്കുന്നത് എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. തൻ്റെ യൂട്യൂബ് ചാനലിൽ ഈ കഥ ശ്രവണകഥയായി നൽകിയിട്ടുണ്ടെന്നും ശ്രീലേഖ കുറിച്ചു. അതുപോലെ തന്നെ, നിരവധി പുരസ്കാരങ്ങൾ നേടിയ ‘ഭൂതകാലം’ എന്ന ചിത്രം മൂന്ന് വർഷം മുൻപ് തൻ്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ഒരു അനുഭവകഥയുടെ നഗ്നമായ മോഷണമാണെന്നും അവർ ആരോപിക്കുന്നു.
ഈ രണ്ട് സിനിമകൾക്കും തമ്മിലുള്ള പ്രധാന സാമ്യം അതിലെ നായകൻ ഷെയ്ൻ നിഗം ആണെന്നതാണ്. ‘പറവ’ എന്ന സിനിമ കണ്ട കാലം മുതൽ ഷെയ്ൻ നിഗത്തെ തനിക്ക് ഏറെ ഇഷ്ടമാണെന്നും ശ്രീലേഖ പറഞ്ഞു. തന്നോടൊപ്പം ജോലി ചെയ്തിരുന്ന മുഹമ്മദ് എന്ന പോലീസുകാരനുമായി ഷെയ്നിനുള്ള വലിയ രൂപസാദൃശ്യമാണ് ഇതിന് കാരണം. സ്വന്തം സഹോദരനെപ്പോലെ കണ്ടിരുന്ന മുഹമ്മദ് തനിക്ക് വീട്ടിലെ കോശ്ശേരി മാവിൻ്റെ തൈയ്യും ശുദ്ധമായ തേനും നെയ്യുമൊക്കെ സമ്മാനമായി നൽകാറുണ്ടായിരുന്നു. പ്രത്യേകിച്ച് ‘ദൃഢം’ എന്ന സിനിമയിലെ പോലീസ് വേഷത്തിൽ ഷെയ്നിനെ കാണുമ്പോൾ മുഹമ്മദിനെയാണ് ഓർമ്മവരുന്നതെന്നും ശ്രീലേഖ തൻ്റെ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു.