24/04/2026
[fontresizer_tawhidurrahmandear_widget]

’33 വർഷം പ്രവർത്തിച്ചത് ഈ സേനയിലോ എന്നോർത്ത് നാണം തോന്നുന്നു’; പോലീസിനെതിരെ ആർ ശ്രീലേഖ

 ’33 വർഷം പ്രവർത്തിച്ചത് ഈ സേനയിലോ എന്നോർത്ത് നാണം തോന്നുന്നു’; പോലീസിനെതിരെ ആർ ശ്രീലേഖ

തിരുവനന്തപുരം: കേരള പോലീസിന്റെ സമീപനങ്ങളിൽ കടുത്ത പ്രതിഷേധവുമായി മുൻ ഡിജിപിയും നിലവിൽ ബിജെപി കൗൺസിലറുമായ ആർ ശ്രീലേഖ രംഗത്തെത്തി. നെട്ടയത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി പ്രവർത്തകർക്ക് പോലീസ് മർദനമേറ്റതിൽ പ്രതിഷേധിച്ച് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിലാണ് അവർ പോലീസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. 33 വർഷം താൻ സേവനമനുഷ്ഠിച്ചത് ഇങ്ങനെയുള്ള ഒരു സേനയിലാണോ എന്നോർക്കുമ്പോൾ നാണം തോന്നുന്നുവെന്നും ജനങ്ങൾ പോലീസിനെ വെറുക്കുന്നത് വെറുതെയല്ലെന്നും അവർ തുറന്നടിച്ചു.

മഴയത്ത് പ്രവർത്തകർക്കൊപ്പം റോഡിലിരുന്ന് പ്രതിഷേധിച്ച ശ്രീലേഖ, പോലീസിനെതിരെ ഉയർന്ന ശക്തമായ മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുകയും ചെയ്തു. കാക്കിക്കുള്ളിൽ പോലീസുകാരെയാണെങ്കിൽ നിയമം പാലിക്കാമെന്നും എന്നാൽ യൂണിഫോമിനുള്ളിൽ സിപിഎം കാഡറുകളാണെങ്കിൽ അനുസരിക്കില്ലെന്നുമാണ് അവർ വ്യക്തമാക്കിയത്. തോക്കുകൊണ്ടും ലാത്തികൊണ്ടും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കേണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി.

സംഭവവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശ്രീലേഖ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സിപിഎം നിർദേശപ്രകാരം വട്ടിയൂർക്കാവ് എസ്എച്ച്ഒയും എസ്ഐയും ചേർന്ന് ബിജെപി പ്രവർത്തകരെ മനഃപൂർവം തെരഞ്ഞുപിടിച്ച് മർദിക്കുകയാണെന്ന് അവർ ആരോപിച്ചു. മർദനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാകാത്തതിനെ അവർ വിമർശിച്ചു. അതേസമയം, ബുധനാഴ്ച കമ്മീഷണർ ഓഫീസിലേക്ക് ബിജെപി സംഘടിപ്പിച്ച മാർച്ചിൽ ശ്രീലേഖ പങ്കെടുത്തിരുന്നില്ല.

Also read: