‘കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു’; മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം അഭ്യർത്ഥിച്ച് ഭാര്യ
കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ രംഗത്ത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വാളകത്തെ കുടുംബവീട്ടിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മന്ത്രിയെ ‘കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ’ കണ്ടുവെന്നും, ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച തങ്ങളെ മന്ത്രിയുടെ സഹായികൾ ചേർന്ന് തടഞ്ഞുവെച്ചെന്നുമാണ് ആരോപണം.
മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ മന്ത്രിയെ മോശമായ സാഹചര്യത്തിൽ കാണാനിടയാകുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെങ്കിലും മന്ത്രിയുടെ സഹായികളായ പ്രദീപും ശാന്തനും ചേർന്ന് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ഇവരെ വീട്ടിൽ പൂട്ടിയിടാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷയ്ക്കായി മുൻ ഡിജിപി ആർ. ശ്രീലേഖയുടെ നിർദേശപ്രകാരം പോലീസിന്റെ ‘112’ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടിയെങ്കിലും, സ്ഥലത്തെത്തിയ പോലീസ് കാര്യമായ ഇടപെടലുകൾ നടത്താതെ പിൻവാങ്ങിയതായും ആക്ഷേപമുണ്ട്.
സംഭവം നടന്ന സമയത്ത് മന്ത്രിയുടെ ഭാര്യ തന്നെ വിളിച്ചിരുന്നുവെന്ന് മുൻ ഡിജിപി ആർ. ശ്രീലേഖ സ്ഥിരീകരിച്ചു. തന്റെ ഭർത്താവിന്റെ സഹോദരി എന്ന നിലയിലാണ് അവർ സഹായം തേടിയതെന്നും ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കാൻ താൻ നിർദേശിച്ചതായും ശ്രീലേഖ പറഞ്ഞു.
സഹായികളുമായുള്ള പിടിവലിക്കിടയിൽ വാതിൽ തുറന്ന് പുറത്തിറങ്ങിയ ഭാര്യ, പോലീസ് സഹായം ലഭ്യമാകാത്തതിനെ തുടർന്ന് ടാക്സി കാറിൽ മടങ്ങുകയായിരുന്നു. വാർത്തകളോട് പ്രതികരിക്കാനോ നിഷേധിക്കാനോ ഗണേഷ് കുമാറിന്റെ ഭാര്യ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ മന്ത്രിക്കോ സഹായികൾക്കോ എതിരെ പോലീസ് കേസെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.