19/06/2026
[fontresizer_tawhidurrahmandear_widget]

‘ട്രംപിന് ഇഷ്ടം താരിഫ്’; ഇറാനെ തണുപ്പിച്ച് വീണ്ടും നികുതിയിലേക്ക്, സിഎൻഎൻ ബിസിനസ് റിപ്പോർട്ട് പുറത്ത്

 ‘ട്രംപിന് ഇഷ്ടം താരിഫ്’; ഇറാനെ തണുപ്പിച്ച് വീണ്ടും നികുതിയിലേക്ക്, സിഎൻഎൻ  ബിസിനസ് റിപ്പോർട്ട് പുറത്ത്

വാഷിങ്ടൺ: യുഎസ്-ഇറാൻ യുദ്ധം താൽക്കാലിക സമാധാനക്കരാറിൽ എത്തിനിൽക്കെ ട്രംപ് തന്റെ ഇഷ്ട വിഷയമായ നികുതി ചുമത്തലിലേക്ക് തന്നെ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി സിഎൻഎൻ ബിസിനസ് റിപ്പോർട്ട്. ഫെബ്രുവരി 28ന് ഇസ്രയേലുമായി ഏകോപിപ്പിച്ച് യുഎസ് ഇറാനുമായി യുദ്ധം ആരംഭിച്ചതിനുശേഷം ട്രംപിന്റെ ശ്രദ്ധ താരിഫിൽ നിന്ന് മാറിയെങ്കിലും യുദ്ധം അവസാനിച്ചതോടെ ഈ വിഷയം വീണ്ടും മടങ്ങിയെത്തിയിരിക്കുകയാണ്.

ഫ്രാൻസിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായി, ഫ്രഞ്ച് വൈനുകൾക്ക് മേൽ 100 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് ഏറ്റവും ഒടുവിലായി ഭീഷണി മുഴക്കിയിരിക്കുന്നത്. ആമസോൺ, ആൽഫബെറ്റ്, ആപ്പിൾ, മെറ്റാ തുടങ്ങിയ അമേരിക്കൻ ടെക് ഭീമന്മാരെ ലക്ഷ്യമിട്ട് ഫ്രാൻസ് ഏർപ്പെടുത്തിയ 3 ശതമാനം ഡിജിറ്റൽ സർവീസ് ടാക്‌സ് പിൻവലിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തയാറായില്ലെങ്കിൽ ഫ്രാൻസിൽ നിന്നുള്ള എല്ലാ വൈനുകൾക്കും ഷാംപെയ്‌നുകൾക്കും മേൽ കനത്ത നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി.

2019ൽ ഫ്രാൻസ് ഈ നികുതി ഏർപ്പെടുത്തിയത് മുതൽ ട്രംപ് ഇത്തരം ഭീഷണികൾ മുഴക്കുന്നുണ്ടെങ്കിലും പല കാരണങ്ങളാൽ ഇതുവരെ അത് നടപ്പിലാക്കിയിരുന്നില്ല. ഇറാനുമായുള്ള സമാധാന കരാറും ഫ്രാൻസിനെതിരെയുള്ള നികുതി ഭീഷണിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി വ്യക്തമാക്കുന്നത്. എന്നാൽ ഫ്രഞ്ച് വൈനുകൾക്ക് പുറമെ, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും നികുതി വർദ്ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിന് പുറമെ, നിർബന്ധിത തൊഴിൽ ചൂഷണം ആരോപിച്ചു ജപ്പാൻ, ചൈന, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും 12.5 ശതമാനം മുതൽ നികുതി ചുമത്താൻ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് നിർദേശിച്ചിരിക്കുകയാണ്. അടുത്ത മാസം അവസാനിക്കുന്ന താൽക്കാലിക 10 ശതമാനം ഇറക്കുമതി നികുതിക്ക് പകരമായിരിക്കും ഇത് നടപ്പിലാക്കുക. കഴിഞ്ഞ വർഷം ട്രംപ് ഏർപ്പെടുത്തിയ വലിയ തോതിലുള്ള നികുതി പരിഷ്‌കാരങ്ങൾ സുപ്രീം കോടതി റദ്ദാക്കിയിരുന്നുവെങ്കിലും, അത് ബിസിനസ്സ് മേഖലയെയും തൊഴിൽ വിപണിയെയും ഗുരുതരമായി ബാധിച്ചിരുന്നു.

ഇറാനുമായുള്ള യുദ്ധത്തിന് മുൻപ് അമേരിക്കയിലെ വാർഷിക പണപ്പെരുപ്പം വെറും 2.4 ശതമാനം മാത്രമായിരുന്നെങ്കിൽ, കഴിഞ്ഞ മാസം അത് കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 4.2 ശതമാനത്തിൽ എത്തി നിൽക്കുകയാണ്. ഇന്ധന വിലയിലുണ്ടായ വലിയ വർദ്ധനവാണ് ഇതിന് പ്രധാന കാരണം. പുതിയ നികുതികൾ കൂടി പ്രാബല്യത്തിൽ വരുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക ശക്തമാണ്. എന്നിരുന്നാലും, ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില ഒഴിവാക്കിയുള്ള ‘കോർ പണപ്പെരുപ്പം’ മെയ് മാസത്തിൽ 2.9 ശതമാനം ആയി തുടരുന്നത് സാമ്പത്തിക വിദഗ്ധർക്ക് നേരിയ ആശ്വാസം നൽകുന്നുണ്ട്. മിഡിലീസ്റ്റിലെ സംഘർഷങ്ങൾ മാത്രമല്ല, കോവിഡ് മഹാമാരിയുടെ സമയത്തെ പണപ്പെരുപ്പം സർവീസ് മേഖലകളിൽ ഇപ്പോഴും നിലനിൽക്കുന്നതുമാണ് അമേരിക്ക അഭിമുഖീകരിക്കുന്ന പ്രതിസന്ധിക്ക് കാരണമെന്ന് ബിഎൻപി പാരിബാസിലെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

Also read: